കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കും മുൻ മാനേജ്‌മെന്റുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കവെയാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെയും നിഷേധാത്മക നിലപാടുകളെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന കാര്യം തുറന്നുസമ്മതിച്ച അദ്ദേഹം, പുനരുപയോഗ ഊർജ (റിന്യൂവബിൾ എനർജി) പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ബോർഡിലെ ചില ഉദ്യോഗസ്ഥർക്ക് വലിയ ‘ചൊറിച്ചിലാ’ണെന്ന് രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. സർക്കാരിന്റെ വികസന നയങ്ങളെ തുരങ്കം വെക്കുന്ന ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.
സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ചിലർ മനഃപൂർവം വൈദ്യുതി മുടക്കുകയാണെന്ന ഗുരുതര ആരോപണവും മുഖ്യമന്ത്രി പ്രസംഗത്തിൽ ഉയർത്തി. പരമ്പരാഗത വൈദ്യുതി ഉൽപാദന രീതികൾക്കപ്പുറം സൗരോർജം, കാറ്റാടിയന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഹരിതോർജ സ്രോതസ്സുകളിലേക്ക് അതിവേഗം ചുവടുമാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നാൽ പുരപ്പുറ സോളർ ഉൾപ്പെടെയുള്ള ബദൽ ഊർജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തടസ്സവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ വലയ്ക്കുന്ന നിലപാടാണ് ചില ജീവനക്കാരും മുൻ മാനേജ്‌മെന്റുകളും സ്വീകരിച്ചിരുന്നത്. സംസ്ഥാനത്തെ ഊർജരംഗത്തെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്ന പദ്ധതികളോട് മുഖംതിരിഞ്ഞുനിൽക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.









