ബ്രിക്‌സ് ഉച്ചകോടിയിലെ ആഗോള നേതൃത്വത്തെയും അന്തസ്സനെയും പ്രശംസിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുഭാഷ് ഘായ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ലോക നേതാക്കൾ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ എന്നും സുഭാഷ് ഘായ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പോസിറ്റിവിറ്റിയും സ്നേഹവും ഐക്യവും മനുഷ്യരാശിയെ വളർത്തുമെന്നും, നമ്മുടെ പ്രധാനമന്ത്രിയെ ഓർത്ത് നാം അഭിമാനിക്കണമെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഉച്ചകോടിക്കിടെ വിവിധ പ്രതിനിധികളുമായി പ്രധാനമന്ത്രി സംവദിക്കുന്ന ചിത്രങ്ങളും അദ്ദേഹം ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. തന്റെ സിനിമാ ഇൻസ്റ്റിറ്റ്യൂട്ടായ ‘വിസിൽസ് വുഡ്സ് ഇന്റർനാഷണൽ’ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 17 വർഷം മുമ്പ് നരേന്ദ്ര മോദി നൽകിയ പിന്തുണയും സുഭാഷ് ഘായ് അടുത്തിടെ ഓർത്തെടുത്തിരുന്നു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സമീപിച്ചപ്പോൾ ഔദ്യോഗിക തടസ്സങ്ങൾ ഉണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാൽ വളരെ ആവേശത്തോടെയാണ് അദ്ദേഹം ആ ആശയത്തെ സ്വാഗതം ചെയ്തതെന്നും ‘താൽ’ സംവിധായകൻ വ്യക്തമാക്കി. കലാരൂപങ്ങളിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മനസ്സിലാക്കിയ മോദി, സ്ഥാപനം തുടങ്ങാൻ ആവശ്യമായ ഭൂമി ലഭ്യമാക്കാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്നും സുഭാഷ് ഘായ് അനുസ്മരിച്ചു.









