പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വിപുലമായ ആഘോഷ പരിപാടികളും പ്രാർത്ഥനാച്ചടങ്ങുകളും സംഘടിപ്പിച്ചു. ഗുജറാത്തിലെ വഡ്നഗർ മുതൽ വാരാണസി വരെ നീളുന്ന റാലികളും 700-ലധികം കേന്ദ്രങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളും ഇതിന്റെ ഭാഗമായിരുന്നു. ‘ആശീർവാദ് കാ ദിയ’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി രാജ്യമെമ്പാടുമുള്ള വീടുകളിലും പൊതുസ്ഥലങ്ങളിലും ജനങ്ങൾ ദീപങ്ങൾ തെളിയിച്ച് പ്രധാനമന്ത്രിക്ക് ആയുരാരോഗ്യ നേർച്ചകൾ നേർന്നു. ഗുജറാത്തിൽ മാത്രം 18,500-ലധികം കേന്ദ്രങ്ങളിലായി 88 ലക്ഷത്തിലധികം മൺചിരാതുകളാണ് ജനങ്ങൾ ഒരുമിച്ചു തെളിച്ചത്.
പൊതുജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ഈ സവിശേഷ ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രക്തദാന ക്യാമ്പുകൾ, സൌജന്യ വൈദ്യ പരിശോധനകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്നു. കൂടാതെ സംഗീതജ്ഞരായ അമൻ പന്തും സ്നേഹാ ശങ്കറും ചേർന്ന് തയ്യാറാക്കിയ ‘ആശീർവാദ് കാ ദിയ’ എന്ന പ്രത്യേക ആദരവ് ഗാനവും ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കി.
രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും ബോളിവുഡ് താരങ്ങളും കായിക പ്രമുഖരും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ കാലം മുതൽ നാടിനു നൽകിയ സേവനങ്ങളെ രാഷ്ട്രപതിയും മറ്റ് നേതാക്കളും അഭിനന്ദിച്ചു. വരും ദിവസങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളോടെ ആഘോഷ പരിപാടികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.








