ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. കൊൽക്കത്തയും പാകിസ്ഥാൻ നാവികസേനയുടെ പി.എൻ.എസ്. ഹുനൈൻ കപ്പലും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ രംഗത്ത്. സെപ്റ്റംബർ 15-ന് നടന്ന സംഭവത്തിൽ പാകിസ്ഥാൻ കപ്പൽ അപലപനീയവും പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്തതുമായ രീതിയിലാണ് പെരുമാറിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ വ്യക്തമാക്കി.
പടിഞ്ഞാറൻ അറബിക്കടലിൽ പതിവ് പട്രോളിംഗിലായിരുന്നു ഐ.എൻ.എസ്. കൊൽക്കത്ത. പാക് കപ്പൽ നടത്തിയ അപകടകരമായ ഓവർടേക്കിങ് മാന്യുവറും ചട്ടങ്ങളുടെ ലംഘനവുമാണ് കൂട്ടിയിടിക്ക് കാരണമായതെന്നും, 1991 ലെ ഇന്ത്യ-പാകിസ്ഥാൻ സൈനിക കരാറിലെ ആർട്ടിക്കിൾ 10-ന്റെ നാവൽ യൂണിറ്റുകൾ തമ്മിൽ 3 നോട്ടിക്കൽ മൈൽ അകലം പാലിക്കണമെന്ന വ്യവസ്ഥ ഇത് വഴി ലഗിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പലിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഐ.എൻ.എസ്. കൊൽക്കത്ത ഇപ്പോഴും സമുദ്രത്തിൽ തുടരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാന്റെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ എക്സ്ക്ലൂസീവ് എകണോമിക് സോണിൽ വെച്ച് ഇന്ത്യൻ കപ്പൽ ആക്രമണോത്സുകമായ നീക്കം നടത്തിയെന്ന പാകിസ്ഥാന്റെ വാദങ്ങൾ ഇന്ത്യ പൂർണ്ണമായി തള്ളി. ഒമാൻ ഉൾക്കടലിൽ നിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെയാണ് ഈ സംഭവം നടന്നിട്ടുള്ളത്.








