സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതിനെത്തുടർന്നാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്. ഇ.ഡി. റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സർക്കാർ കടന്നിരുന്നില്ലെങ്കിലും, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇ.ഡി. റിപ്പോർട്ടിലുണ്ടെന്നാണ് എ.ജി. നൽകിയിരിക്കുന്ന നിയമോപദേശം വ്യക്തമാക്കുന്നത്.
ഏത് രീതിയിലാണ് അന്വേഷണം നടത്തേണ്ടത് എന്നത് സർക്കാരിന് തീരുമാനിക്കാമെന്നും, പഴയ റിപ്പോർട്ടുകളൊന്നും കേസ് അന്വേഷണത്തിന് നിയമതടസ്സമാകില്ലെന്നും നിയമോപദേശത്തിലുണ്ട്. വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാണ് സാധ്യത. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നതിൽ തീരുമാനം വൈകുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഈ നിർണായക നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഹവാല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം വേണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി സംസ്ഥാന ആഭ്യന്തര വകുപ്പാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നിയമപരമായ തടസ്സങ്ങൾ ഒഴിഞ്ഞെങ്കിലും, രാഷ്ട്രീയപരവും ക്രമസമാധാനപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി ആഭ്യന്തര വകുപ്പിന് വിശദമായി ചിന്തിക്കേണ്ടി വരും.








