അവാമി ലീഗ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 101 ഉഭയകക്ഷി കരാറുകൾ ബംഗ്ലാദേശ് പുനഃപരിശോധിക്കുന്നതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ ഔദ്യോഗികമായ വിവരങ്ങളൊന്നും ബംഗ്ലാദേശിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള മുൻകാല കരാറുകൾ ബംഗ്ലാദേശിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് അനുകൂലമാണോ എന്ന് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അവലോകനം എന്നാണ് ബംഗ്ലാദേശ് വ്യക്തമാക്കുന്നത്. ചിറ്റഗോംഗ്, മോംഗ്ല തുറമുഖങ്ങളുടെ ഉപയോഗം സംബന്ധിച്ച ധാരണകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം, വ്യാപാരം, വൈദ്യുതി സഹകരണം തുടങ്ങിയ വിവിധ മേഖലകളെ ബാധിക്കുന്നതാണ് ഈ കരാറുകൾ.
അതേസമയം, 1996 ഡിസംബറിൽ ഒപ്പുവെച്ചതും 30 വർഷത്തെ കാലാവഴിയുള്ളതുമായ ഗംഗാ ജല പങ്കിടൽ കരാർ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ജോയിന്റ് റിവേഴ്സ് കമ്മീഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ ചർച്ചകൾ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 54 നദികൾ പങ്കിടുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങൾക്കിടയിലാണ് കരാറുകളുടെ പുനഃപരിശോധന സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.








