പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിയിലായതിനെ തുടർന്ന് ഐ.ഐ.ടി. ബോംബെയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജീവനൊടുക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗിലെ വിദ്യാർത്ഥിയായ സാഹിൽ വാകോഡെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
പരീക്ഷയ്ക്കിടെ ചോദ്യപ്പേപ്പർ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ തേടാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഇൻസ്ട്രക്ടറും വകുപ്പ് മേധാവിയും ചേർന്ന് കൗൺസിലിംഗ് നടത്തിയിരുന്നുവെന്നും അക്കാദമിക് കരിയറിനെ ഇത് ബാധിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥിക്ക് ഒരു വർഷത്തെ സസ്പെൻഷൻ ലഭിക്കുമെന്നും ഇത് കോഴ്സ് നീളാൻ കാരണമാകുമെന്നുമുള്ള ഭയമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധവുമായി രംഗത്തെത്തി. അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരങ്ങളും സുതാര്യതയും വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഐ.ഐ.ടി. ബോംബെ ക്യാമ്പസിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യാ കേസാണിത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.








