ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും (76) അന്തരിച്ചു. തിങ്കളാഴ്ചയോടെയാണ് അദ്ദേഹം വിടവാങ്ങിയ വിവരം ദുബായ് ഭരണാധികാരിയുടെ ഓഫീസ് (Ruler’s Court) ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ദുബായ് എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ദുബായിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സഹോദരന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, തന്റെ പ്രിയ സഹോദരന് നിത്യശാന്തി ലഭിക്കട്ടെയെന്നും കുടുംബത്തിന് ഈ ആഘാതം സഹിക്കാനുള്ള കരുത്ത് നൽകട്ടെയെന്നും എക്സിൽ (X) കുറിച്ചു. സർക്കാരിന്റെയും വ്യവസായ രംഗത്തിന്റെയും പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു പരേതനായ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും.











