ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ മുഖ്യ പോരാട്ട ടാങ്കുകളായ ടി-72 (T-72), ടി-90 (T-90) എന്നിവയുടെ കരുത്തും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 586 കോടി രൂപയുടെ തദ്ദേശീയ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. സ്വകാര്യ കമ്പനിയായ ആക്യുറേറ്റ് ഇൻഡസ്ട്രിയൽ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡുമായിട്ടാണ് (Accurate Industrial Controls Pvt Ltd) ഓക്സിലറി പവർ യൂണിറ്റുകൾ (APU) വിതരണം ചെയ്യുന്നതിനായുള്ള കരാർ ഒപ്പിട്ടത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാർ കൈമാറിയത്.
ടാങ്കുകളുടെ ഫയർ കൺട്രോൾ സിസ്റ്റം, തോക്കുകളുടെ സ്റ്റെബിലൈസേഷൻ ഉപകരണങ്ങൾ, മറ്റ് പ്രധാന ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയ്ക്കുള്ള ബാക്കപ്പ് ഊർജ്ജ സ്രോതസ്സായാണ് ഈ ഓക്സിലറി പവർ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പ്രധാന എൻജിൻ പ്രവർത്തിപ്പിക്കാതെ തന്നെ ഈ യൂണിറ്റുകൾ ഉപയോഗിച്ച് ടാങ്കിന്റെ മറ്റ് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്നതിനാൽ ഇന്ധനക്ഷമത വർദ്ധിക്കുകയും യുദ്ധക്കളത്തിൽ ടാങ്കുകളുടെ സാന്നിധ്യം ശത്രുക്കൾ പെട്ടെന്ന് തിരിച്ചറിയുന്നത് തടയാൻ സാധിക്കുകയും ചെയ്യും.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ‘മേക്ക്-II’ (Make-II) വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ സാങ്കേതികവിദ്യ സൈന്യത്തിന്റെ ഭാഗമാക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും പ്രതിരോധ മേഖലയിൽ ഭാരതത്തെ സ്വയംപര്യാപ്തമാക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈന്യത്തിന്റെ കവചിത വാഹന പടകളുടെ (Mechanised Formations) പോരാട്ടവീര്യവും വിശ്വാസ്യതയും ഇതോടെ ഇരട്ടിയാകും.











