പശ്ചിമേഷ്യയിൽ വൻ യുദ്ധഭീതി ഉയർത്തിക്കൊണ്ട് ഇറാൻ രാജ്യത്ത് ‘കോഡ് 100’ (Code 100) സൈനിക മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കാനും അടിയന്തിരമായി തിരിച്ചടിക്കാനും സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകുന്ന ഇറാന്റെ ഏറ്റവും ഉയർന്ന മുൻകരുതൽ പ്രോട്ടോക്കോളാണിത്. അതേസമയം, മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്യാംപ് ഡേവിഡിലെ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് നിശ്ചയിച്ച സമയത്തിനും മുൻപേ വൈറ്റ് ഹൗസിൽ തിരിച്ചെത്തി.
ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (IRGC), ഇറാനിയൻ റെഗുലർ ആർമി (ആർട്ടെഷ്), അർദ്ധസൈനിക വിഭാഗങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കാണ് ‘കോഡ് 100’ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സജീവമാക്കുന്നതോടെ രാജ്യത്തെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളും കമാൻഡ് യൂണിറ്റുകളും എ ഏത് നിമിഷവും ആക്രമണത്തിനും പ്രത്യാക്രമണത്തിനും സജ്ജമായി യുദ്ധ മോഡിലേക്ക് മാറും. എന്നാൽ ഈ പ്രഖ്യാപനത്തെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടം കടുത്തതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. സൗദി തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും, ഇവ വ്യോമ പ്രതിരോധ സേന തകർത്തതായും അവകാശവാദങ്ങൾ പുറത്തുവന്നിരുന്നു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മേഖലയിലുള്ള അമേരിക്കൻ പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്യാംപ് ഡേവിഡ് സന്ദർശനം പെട്ടെന്ന് അവസാനിപ്പിച്ച് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇറാന്റെ സൈനിക നീക്കങ്ങളും മേഖലയിലെ അടിയന്തര സാഹചര്യങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. സാഹചര്യം വഷളായതിനെ തുടർന്ന് യുഎസ് സന്ദർശനം വെട്ടിക്കുറച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.









