കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ (CSAM) ഉള്ളടക്കങ്ങൾ തടയുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും നിർണ്ണായക നിലപാടറ്റ മാറ്റവുമായി ടെക് ഭീമനായ ഗൂഗിൾ. ഇന്ത്യയുമായി ബന്ധപ്പെട്ട ഇത്തരം കേസുകളിലെ വിവരങ്ങളും പരാതികളും കേസ് വിവരങ്ങളും ഇനിമുതൽ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വഴി കൈമാറുന്നതിന് പകരം ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് നേരിട്ട് കൈമാറാൻ ഗൂഗിൾ തീരുമാനിച്ചു. റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഗൂഗിളിന്റെ ഈ സുപ്രധാന ചുവടുവെപ്പ് വ്യക്തമാക്കുന്നത്.
നേരത്തെ ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് അടക്കമുള്ള പ്രമുഖ സോഷ്യൽ മീഡിയ-ടെക് കമ്പനികൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഡിജിറ്റൽ വിവരങ്ങൾ യു.എസ് അധിഷ്ഠിത എൻ.ജി.ഒയായ ‘നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രന്’ (NCMEC) ആയിരുന്നു കൈമാറിയിരുന്നത്. അവർ പരിശോധിച്ച ശേഷം മാത്രമാണ് അതത് രാജ്യങ്ങളിലെ പോലീസിനോ അന്വേഷണ ഏജൻസികൾക്കോ വിവരങ്ങൾ നൽകിയിരുന്നത്. എന്നാൽ ഈ ഇടനില സംവിധാനം മൂലം അടിയന്തര പ്രാധാന്യമുള്ള കേസുകളിൽ അന്വേഷണം തുടങ്ങാൻ വലിയ കാലതാമസം നേരിടുന്നുണ്ടെന്ന് ഇന്ത്യ കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളിൽ ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കുട്ടി അപകടത്തിലാകുന്ന അടിയന്തര സാഹചര്യങ്ങളിൽ മണിക്കൂറുകൾ പോലും നിർണ്ണായകമാണെന്നും, അതിനാൽ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്കും (NCRB) നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നും കേന്ദ്ര സർക്കാർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയും സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും നിർദ്ദേശം അംഗീകരിച്ച് പ്രാദേശിക അന്വേഷണ ഏജൻസികളിലേക്ക് നേരിട്ട് കേസ് വിവരങ്ങൾ എത്തിക്കാൻ തീരുമാനിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഉടൻ പിടികൂടുന്നതിനും പുതിയ സംവിധാനം വലിയ രീതിയിൽ സഹായകരമാകും.









