പ്രശസ്തമായ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജയുടെ തീയതി സംബന്ധിച്ച തർക്കത്തിൽ ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി തന്ത്രി കുടുംബം സുപ്രീം കോടതിയിൽ. കേസിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സൃഷ്ടിക്കുന്നതിനായി ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തിൽ ബോധപൂർവ്വം മാറ്റങ്ങൾ വരുത്തിയെന്ന് കാണിച്ച് പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
ഗുരുവായൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ 2026-ലെ പഞ്ചാംഗത്തിലാണ് ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നിരിക്കുന്നത്. വൃശ്ചിക മാസത്തിലെ പ്രശസ്തമായ ഏകാദശി ദിനത്തിൽ ഉദയാസ്തമയ പൂജ നടത്തുമെന്ന പരാമർശം പുതിയ പഞ്ചാംഗത്തിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിനെ സ്വാധീനിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുമാണ് ദേവസ്വം ബോർഡിന്റെ ഈ നീക്കമെന്നാണ് തന്ത്രി കുടുംബത്തിന്റെ വാദം.
ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും തന്ത്രി കുടുംബവും തമ്മിൽ ദീർഘകാലമായി നിയമതർക്കം നിലനിൽക്കുന്നുണ്ട്. ക്ഷേത്ര ആചാരങ്ങളിലും പഞ്ചാംഗ നിർണ്ണയത്തിലും തന്ത്രിമാർക്കുള്ള പരമ്പരാഗത അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും പരാതിക്കാർ ആരോപിക്കുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയതോടെ ഗുരുവായൂർ ക്ഷേത്ര ഭരണവുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട തർക്കം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.












