ഡി.എം.കെ സർക്കാരിന്റെ കാലത്ത് പോലീസ് അന്വേഷണം അവസാനിപ്പിച്ച് എഴുതിത്തള്ളിയ ലൈംഗിക പീഡനക്കേസ് കോടതി ഇടപെടലിൽ വീണ്ടും അന്വേഷിച്ചതോടെ പുറത്തുവരുന്നത് തമിഴ്‌നാട്ടിലെ വൻ വ്യവസായിയുടെ ക്രൂരതകളും കോടികളുടെ കൈക്കൂലി ഇടപാടുകളും. പത്തോളം പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ ഗ്രാനൈറ്റ് നിർമ്മാണ കമ്പനിയായ ‘ജെം ഗ്രാനൈറ്റ്സ്’ ഉടമ വീരമണി (84) പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നത്. കേസ് പുറത്തറിയാതിരിക്കാനും അന്വേഷണം അട്ടിമറിക്കാനുമായി മാത്രം വ്യവസായി ഉദ്യോഗസ്ഥർക്ക് 70 കോടി രൂപ കൈക്കൂലിയായി നൽകിയതായി പോലീസ് കണ്ടെത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അവസാനത്തോടെ വീരമണി, ഇയാളുടെ പ്രധാന സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി (60) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പങ്കാളിയായ മറ്റൊരു സഹായി ഗണേശനും കഴിഞ്ഞ ദിവസം പിടിയിലായിട്ടുണ്ട്. പണമിടപാടുകൾ ഏകോപിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനും ഇടനിലക്കാരനായി പ്രവർത്തിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകൻ ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന. പെൺകുട്ടികളെ വലയിലാക്കി വ്യവസായിക്ക് മുന്നിലെത്തിക്കുന്നതിലും ഇയാൾക്ക് വലിയ പങ്കുണ്ടായിരുന്നതായി സംശയിക്കുന്നു.
നേരത്തെ മുൻ പോലീസ് ഉദ്യോഗസ്ഥരുടെയും ചില ഭരണകക്ഷി നേതാക്കളുടെയും പിന്തുണയോടെ കേസ് ഒതുക്കിത്തീർക്കാൻ വീരമണിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇരകളായ പെൺകുട്ടികൾ കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കോടതിയുടെ കർശന നിർദ്ദേശപ്രകാരം കേസ് വീണ്ടും അന്വേഷിച്ചപ്പോഴാണ് കേസ് ഒതുക്കാൻ നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകൾ പുറത്തായത്. കേസിൽ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടോയെന്ന കാര്യത്തിൽ വിപുലമായ അന്വേഷണം തുടരുകയാണ്.









