ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഗുരുതരമായ ഒത്തുകളി ആരോപണവുമായി മുൻ രഞ്ജി ട്രോഫി താരം രംഗത്ത്. മുൻ രഞ്ജി താരമായ രജത് ഭാട്ടിയയാണ് ഐ.പി.എൽ മത്സരങ്ങളിൽ പണത്തിനായി ചെന്നൈ ടീമിന്റെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. താൻ ഒരു ബുക്കറാണെന്ന് നടിച്ചെത്തിയ മാധ്യമപ്രവർത്തകനോടാണ് രചിത് ഭാട്ടിയ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 2025 ലെ ഐ.പി.എൽ സീസണിൽ പ്ലേയിംഗ് ഇലവൻ വിവരങ്ങൾ ടോസിന് മുമ്പ് ലണ്ടനിലെ ബുക്കർമാർക്ക് സ്നാപ്ചാറ്റ് വഴി ചോർത്തി നൽകി അഞ്ച് മത്സരങ്ങൾ ഒത്തുകളിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
വിവരം നൽകിയതിന് ഒരു മത്സരത്തിന് 60 ലക്ഷം രൂപ വീതം അഞ്ച് മത്സരങ്ങളിൽ നിന്നായി 3 കോടി രൂപ കൈപ്പറ്റിയെന്നും, ഈ വിവരങ്ങൾ സി.എസ്.കെ സ്ക്വാഡിലെ ഒരു കളിക്കാരനിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങൾ ഉപയോഗിച്ച് താനും ബെറ്റ് വെച്ച് ലാഭം ഉണ്ടാക്കിയതായി ഭാട്ടിയ അവകാശപ്പെടുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെയല്ല, മറിച്ച് പേര് വെളിപ്പെടുത്താത്ത ഒരു കളിക്കാരനെയാണ് ഈ റിപ്പോർട്ട് പരാമർശിക്കുന്നത്. പ്രസ്തുത കളിക്കാരന് പരിക്കേറ്റതിനാൽ 2026 ലെ ഐ.പി.എൽ സീസണിൽ ഈ പദ്ധതി നടപ്പായില്ലെന്നും, തുടർന്ന് ഡൽഹി പ്രീമിയർ ലീഗിലേക്ക് (ഡി.പി.എൽ) ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഡൽഹി പ്രീമിയർ ലീഗിൽ റൺ ഔട്ടുകൾ വരുത്തുക, മനപ്പൂർവ്വം പതുക്കെ ബാറ്റ് ചെയ്യുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ മത്സരങ്ങൾ ഒത്തുകളിക്കാൻ സാധിക്കുമെന്ന ഗുരുതരമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള 23 കാരനായ ഒരു രഞ്ജി താരമാണ് തനിക്ക് ഈ വിവരങ്ങൾ നൽകിയതെന്നാണ് ഭാട്ടിയ പറഞ്ഞിട്ടുള്ളത്. എന്നാൽ ഭാട്ടിയയുടെ ഈ വെളിപ്പെടുത്തലുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം പ്രവൃത്തികൾ ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങളുടെ ലംഘനമാണെങ്കിലും, മുൻപ് 2013 ലെ ഐ.പി.എൽ വാതുവെപ്പ് വിവാദത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്ന ചരിത്രവുമുണ്ട്.












