തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാരം കണ്ടെത്താനായി മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വരുന്ന ഒക്ടോബർ മാസം മുതൽ സംസ്ഥാനത്ത് പ്രഖ്യാപിത ലോഡ്‌ഷെഡ്ഡിങ്ങോ മറ്റ് കർശന നിയന്ത്രണങ്ങളോ വരാതിരിക്കാൻ സ്വീകരിക്കേണ്ട അടിയന്തര നടപടികളാണ് യോഗത്തിന്റെ പ്രധാന അജണ്ട.
വൈദ്യുതി ബോർഡ് പ്രതിസന്ധിയിലായതോടെ ഒക്ടോബർ മുതൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് വിശാല യോഗം വിളിച്ചുചേർത്തത്. വൈദ്യുത വകുപ്പ് മന്ത്രി, കെഎസ്ഇബി ചെയർമാൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വരും മാസങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നത് സംബന്ധിച്ച് നിർണായക തീരുമാനം യോഗത്തിലുണ്ടാകും.
നിലവിലെ കടുത്ത പ്രതിസന്ധി മറികടക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാരിനും കെഎസ്ഇബിക്കും റെഗുലേറ്ററി കമ്മീഷൻ പ്രത്യേകാനുമതി നൽകിയിരുന്നു. വൻ തുക നൽകി വൈദ്യുതി വാങ്ങുന്നത് ബോർഡിന് ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും താൽക്കാലികമായി വൈദ്യുതി മുടക്കം ഒഴിവാക്കാനാണ് ഈ തീരുമാനം. എന്നാൽ ഇത് ശാശ്വത പരിഹാരമല്ലെന്ന വിലയിരുത്തലിലാണ് ദീർഘകാല കരാറുകളിലേക്ക് മാറുന്നത് ഉൾപ്പെടെയുള്ള തന്ത്രപ്രധാന തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കുന്നത്.












