പൊതുജന സേവനമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം മുതൽ ഇന്നത്തെ പ്രധാനമന്ത്രി പദവി വരെയുള്ള തന്റെ പൊതുജീവിതത്തിൽ ജനങ്ങളെയും രാജ്യത്തെയും സേവിക്കുക എന്നതാണ് തന്റെ പ്രമുഖ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വഡ്നഗറിൽ നിന്ന് വരാണസിയിലേക്ക് ‘സേവ-യാത്ര’ നടത്തുന്നവരുമായി നടത്തിയ വെർച്വൽ സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘സേവ ഭാവ്’ എന്ന മനോഭാവത്തോടെ തീരുമാനങ്ങൾ എടുക്കുമ്പോൾ ‘നാഗരിക് ദേവോ ഭവ്’ എന്ന തത്വം സ്വയം നടപ്പിലാകുമെന്നും, പൗരന്മാരെ ഭരണത്തിന്റെയും നയങ്ങളുടെയും കേന്ദ്രബിന്ദുവായി കാണണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രീയവും തിരഞ്ഞെടുപ്പുകളും ഭരണസംവിധാനങ്ങളും അവയുടെ സ്ഥാനത്ത് നിൽക്കുമ്പോൾ തന്നെ, രാജ്യത്തിന്റെ വികസനമാണ് എല്ലാവരുടെയും പ്രധാന ലക്ഷ്യമായിരിക്കേണ്ടതെന്നും, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി വലിയ പങ്കുവഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പി.എം.-കിസാൻ, പി.എം.-സൂര്യഘർ യോജന തുടങ്ങിയ പദ്ധതികളിലൂടെ സാധാരണക്കാരിലേക്ക് സേവനങ്ങൾ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും, സേവനമനോഭാവമാണ് ഇത്തരം ക്ഷേമപദ്ധതികളുടെ വിജയത്തിന് പിന്നിലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.








