താമരശ്ശേരി: ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി വിളിച്ചുവരുത്തി നവവധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ അറബിക് സിദ്ധൻ പൊലീസിന്റെ പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി അൻവർ സാദത്തിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയും ഭർത്താവും അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ക്രൂരത.
ദാമ്പത്യപ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനായി ദമ്പതികളെ ഇയാൾ മുറിയെടുത്ത് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ചികിത്സയുടെ ഭാഗമെന്ന വ്യാജേന ഭർത്താവിന്റെ കയ്യിൽ പൊതിച്ച തേങ്ങ നൽകിയ ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദ്ദേശിച്ചു. ഇതിന് ശേഷമാണ് മുറിക്കുള്ളിലുണ്ടായിരുന്ന യുവതിയെ പുതപ്പിനുള്ളിലാക്കി പ്രതിയും ഉള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെ തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ ദമ്പതികൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സെപ്റ്റംബർ 21-നാണ് യുവതി സംഭവത്തിൽ താമരശ്ശേരി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. മുൻപും സമാനമായ രീതിയിൽ വ്യാജ ചികിത്സയുടെ മറവിൽ പീഡനം നടത്താൻ ശ്രമിച്ചതിനും പോക്സോ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും പ്രതിയായ വ്യക്തിയാണ് അൻവർ സാദത്തെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ഇത് തന്റെ പതിവ് ചികിത്സാരീതിയാണെന്ന വിചിത്രമായ ന്യായീകരണമാണ് പ്രതി നൽകിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












