അഫ്ഗാനിസ്ഥാനെതിരായ പാകിസ്ഥാന്റെ സൈനിക നടപടികൾക്ക് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടെന്ന ഗുരുതര ആരോപണവുമായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. സൗദി അറേബ്യ, തുർക്കിയെ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റിലെ ബാധ്യതകളിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അഫ്ഗാനിസ്ഥാനെതിരായ ആക്രമണങ്ങളെന്ന് മുജാഹിദ് ആരോപിച്ചു. എന്നാൽ ഈ ആരോപണത്തിന് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിട്ടില്ല.
കന്ധഹാറിൽ വ്യാഴാഴ്ച നടന്ന ഒരു മതപഠന സ്ഥാപനത്തിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് മുജാഹിദ് പാകിസ്ഥാനെതിരെ ആരോപണം ഉന്നയിച്ചത്. അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷത്തെ ഒരു യുദ്ധമായി ചിത്രീകരിച്ച് മക്ക കരാറിൽ നിന്നുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. പാകിസ്ഥാന്റെ സമീപകാല ആക്രമണങ്ങൾ ഇതേ ലക്ഷ്യത്തോടെയാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്ഥാൻ ‘ഒരു കളി കളിക്കുകയാണെന്നും’ അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷം തുടർച്ചയായി സൈനിക ആക്രമണങ്ങളിലൂടെ നിലനിർത്തുകയാണെന്നും മുജാഹിദ് ആരോപിച്ചു. രാജ്യത്തിനകത്തെ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും ആക്രമണങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. സൗദി അറേബ്യയുമായും തുർക്കിയുമായും പാകിസ്ഥാൻ ആക്രമണങ്ങളെക്കുറിച്ച് ഏകോപനം നടത്തുന്നുണ്ടെന്നും മുജാഹിദ് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണത്തിനും അദ്ദേഹം തെളിവുകൾ നൽകിയിട്ടില്ല.
പാകിസ്ഥാന്റെ ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാൻ മറുപടി നൽകുമെന്നും മുജാഹിദ് മുന്നറിയിപ്പ് നൽകി. അതേസമയം, അഫ്ഗാനിസ്ഥാനെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ മുന്നോട്ടുവയ്ക്കുന്ന കാരണം തികച്ചും വ്യത്യസ്തമാണ്. സെപ്റ്റംബർ 24ന് അഫ്ഗാനിസ്ഥാനിലെ 10 കേന്ദ്രങ്ങളിൽ വ്യോമ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിർത്തിക്കപ്പുറത്ത് നിന്ന് പാകിസ്ഥാനെതിരെ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് നടപടിയെന്നും പാകിസ്ഥാൻ വിവരമന്ത്രിയായ അത്താവുല്ല താരർ പറഞ്ഞു. ഡ്രോണുകൾ വിക്ഷേപിക്കാനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
അഫ്ഗാൻ അധികൃതരുടെ കണക്കനുസരിച്ച് പാകിസ്ഥാന്റെ ഏറ്റവും പുതിയ വ്യോമാക്രമണങ്ങളിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തെക്കൻ അഫ്ഗാനിസ്ഥാനിലെ കന്ധഹാർ ഉൾപ്പെടെ നിരവധി പ്രവിശ്യകളിലാണ് ആക്രമണം നടന്നതെന്ന് അഫ്ഗാൻ അധികൃതർ അറിയിച്ചു. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ ആസ്ഥാനമായ കന്ധഹാറും ആക്രമണങ്ങളുടെ പരിധിയിൽ വന്നതായി റിപ്പോർട്ടുകളുണ്ട്.








