മഴ വില്ലനായതോടെ ടോസ് പോലും ഇടാനാകാതെ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഐസിസി ട്വന്റി-20 റാങ്കിങ്ങിന്റെ കരുത്തിൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടി. നിഷിനിൽ കനത്ത മഴയും ഈർപ്പമുള്ള ഔട്ട്ഫീൽഡും കാരണം നിശ്ചിത സമയത്തിന് 16 മിനിറ്റ് മുമ്പ് തന്നെ മത്സരം ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു. ഉയർന്ന സീഡിംഗ് ഉള്ളതിനാൽ അഫ്ഗാനിസ്ഥാനെ മറികടന്ന് ഇന്ത്യ ടൂർണമെന്റിൽ മുന്നേറുകയായിരുന്നു.
ഇനി വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ നേപ്പാൾ-ശ്രീലങ്ക മത്സരത്തിലെ വിജയികളെയാകും ഇന്ത്യ നേരിടുക. ചൊവ്വാഴ്ച നടക്കുന്ന ഈ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ ഉയർന്ന സീഡിംഗ് ഉള്ള ശ്രീലങ്ക സെമിയിലേക്ക് മുന്നേറും. ഇതിനുമുമ്പ് ഹോങ്കോങും പാകിസ്ഥാനും തമ്മിൽ നടക്കേണ്ടിയിരുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരവും ടോസ് ഇടാൻ പോലും സാധിക്കാതെ മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിലൂടെ പാകിസ്ഥാനും സെമി ഉറപ്പിച്ചു.
തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് അഫ്ഗാനിസ്ഥാന് ഇന്ത്യക്കെതിരായ മത്സരം മഴയിൽ നഷ്ടമാകുന്നത്. 2023-ലെ ഹാങ്‌ഷൂ ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 18.2 ഓവറുകൾ പൂർത്തിയാക്കിയപ്പോൾ മഴയെത്തുകയും ഉയർന്ന സീഡിംഗ് ഉള്ള ഇന്ത്യക്ക് സ്വർണമെഡൽ നൽകുകയുമായിരുന്നു.












