ന്യൂഡൽഹി: കണ്ട് നിന്നാൽ പൂർണ്ണ ആരോഗവാനും ഫിറ്റുമാണെന്ന് തോന്നാം, ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയും ശരീരഭാരം ശരിയായി നിലനിർത്തുകയും ചെയ്യുന്ന ആളായിരിക്കാം. എന്നാൽ അത്തരം ആളുകൾക്കും പെട്ടെന്ന് ഹൃദയാഘാതം (Heart Attack) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ കാർഡിയോളജിസ്റ്റ്. മെദാന്ത ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം ചെയർമാൻ ഡോ. പ്രവീൺ ചന്ദ്രയാണ് ഫിറ്റായ ആളുകളിൽ കടന്നുകൂടുന്ന നിശബ്ദ ശത്രുക്കളെക്കുറിച്ച് വെളിപ്പെടുത്തിയത്. ജനിതക ഘടകങ്ങൾ, മെറ്റബോളിക് ആരോഗ്യം, ജീവിതശൈലി എന്നിവയിലെ വില്ലന്മാരാണ് പുറമെ ആരോഗ്യമുള്ളവരെയും അപകടനിലയിലാക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദം (Hypertension), പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ ശരീരത്തിൽ വളർന്നു വരുന്ന രോഗങ്ങളാണ്. ഇത്തരത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാതെ രക്തധമനികളെയും ഹൃദയത്തെയും സാവധാനം തകരാറിലാക്കുന്ന നിശബ്ദ രോഗങ്ങൾ (Silent Diseases) കൃത്യമായി നിരീക്ഷിക്കുകയോ ചികിത്സിക്കുകയോ ചെയ്യാതിരുന്നാൽ പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഡോ. പ്രവീൺ ചന്ദ്ര വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം ധമനികളിൽ സമ്മർദ്ദം ഉണ്ടാക്കുമ്പോൾ, നിയന്ത്രണമില്ലാത്ത പഞ്ചസാരയുടെ അളവും എൽഡിഎൽ കൊളസ്ട്രോളും രക്തക്കുഴലുകളിൽ പ്ലാക്ക് അടിയാൻ ഇടയാക്കുന്നു. അതിനാൽ ശരീരഭാരം കുറഞ്ഞിരിക്കുന്നതോ വ്യായാമം ചെയ്യുന്നതോ കൊണ്ടുമാത്രം ഹൃദ്രോഗ സാധ്യത ഇല്ലാതാകുന്നില്ല.
പുകവലി, അമിതമായ മദ്യപാനം, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം (Chronic Stress), ഉറക്കമില്ലായ്മ, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവയും ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു. രോഗലക്ഷണങ്ങൾ പുറത്തുവരുന്നതുവരെ കാത്തുനിൽക്കാതെ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകം കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം തുടർ പരിശോധനകൾ നടത്തണം. ഹൃദയാരോഗ്യം എന്നത് വർഷത്തിലൊരിക്കൽ മാത്രം നോക്കേണ്ട ഒന്നല്ലെന്നും അത് കൃത്യമായ നിരീക്ഷണത്തിലൂടെ മുന്നോട്ട് കൊണ്ടുപോകേണ്ട ഒന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
അതേസമയം, ഹൃദയാഘാത ചികിത്സാരംഗത്ത് വൻ പുരോഗതിയാണ് ആധുനിക വൈദ്യശാസ്ത്രം കൈവരിച്ചിരിക്കുന്നത്. ബ്ലോക്കുകൾ നീക്കാൻ സഹായിക്കുന്ന ആൻജിയോപ്ലാസ്റ്റി, ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകൾ, രക്തധമനികളുടെ ഉള്ളിലെ അവസ്ഥ തത്സമയം കാണിച്ചുതരുന്ന ഒസിടി (OCT), ഐവസ് (IVUS) സാങ്കേതികവിദ്യകൾ എന്നിവ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഏറെ സഹായകരമാണ്. തുറന്ന ശസ്ത്രക്രിയ ആവശ്യമില്ലാതെ വാൽവ് മാറ്റിസ്ഥാപിക്കുന്ന തവി (TAVI) പോലെയുള്ള ലളിതമായ ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്. നെഞ്ചുവേദന, ശ്വാസംമുട്ടൽ, അമിത വിയർപ്പ്, തലകറക്കം, കൈകളിലേക്കും കഴുത്തിലേക്കും പടരുന്ന വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ‘ഗോൾഡൻ അവറി’ൽ തന്നെ (ആദ്യ ഒരു മണിക്കൂറിനുള്ളിൽ) വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയിൽ എത്തുവാൻ മടിക്കരുതെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.










