1982-ലെ ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിനോട് പരാജയപ്പെട്ടതിനുശേഷം സ്കോട്ട്ലൻഡ് ടീമിൻ്റെ മാനേജറായിരുന്ന ആൻഡി റോക്സ്ബർഗ് ഇങ്ങനെ പ്രസ്താവിച്ചിരുന്നു ”ഞങ്ങളുടെ കളിക്കാർക്ക് ഒരു പെയിൻ്റിംഗ് ബ്രഷ് നൽകിയാൽ അവർ അത് സാധാരണ രീതിയിൽ ഉപയോഗിക്കും. അതേ ബ്രഷ് ഒരു ബ്രസീലുകാരന് കൈമാറിയാൽ അയാൾ ലിയനാർഡോ ഡാ വിഞ്ചിയെപ്പോലെ ചിത്രം വരയ്ക്കും.”
വിരാട് കോഹ്ലി തിരുവനന്തപുരത്ത് നടത്തിയ ബാറ്റിങ്ങ് അഴിഞ്ഞാട്ടം കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് ആ വരികളാണ്. അയാളുടെ ബാറ്റ് ഒരു പെയിൻ്റിംഗ് ബ്രഷ് പോലെയായിരുന്നു! മലയാളികൾക്ക് എല്ലാക്കാലത്തും ഓർമ്മിച്ചുവെയ്ക്കാവുന്ന സുന്ദരമായ കുറെ ചിത്രങ്ങൾ വരച്ചുവെച്ചിട്ടാണ് വിരാട് ഈ മണ്ണ് വിട്ടുപോവുന്നത്. ഇന്ത്യയ്ക്ക് ജയിക്കാൻ 24 റണ്ണുകൾ വേണ്ടിയിരുന്ന സമയത്ത് വിരാട് അൽസാരി ജോസഫിനെതിരെ ഒരു ബൗണ്ടറി നേടുന്നുണ്ട്. തൻ്റെ തലയ്ക്കുമുകളിലൂടെ പായുന്ന ഷോട്ടുകളെയാണ് ഒരു ഫാസ്റ്റ് ബോളർ ഏറ്റവും കൂടുതൽ വെറുക്കുന്നത്. അതാണ് വിരാട് ജോസഫിനോട് ചെയ്തത്.
പക്ഷേ ജോസഫ് ആ ഷോട്ടിനെ അഭിനന്ദിച്ചു! എതിരാളികൾ പോലും വിരാടിൻ്റെ കലാവൈശിഷ്ഠ്യം ആസ്വദിക്കുകയായിരുന്നു! പത്ത് വർഷങ്ങൾക്കുമുമ്പ് നടത്തിയ ഒരു പത്രസമ്മേളനത്തിൽ വിരാട് പറയുന്നുണ്ട്- ”എനിക്ക് വലിയ സിക്സറുകൾ അടിക്കാനാവില്ല. എൻ്റെ ഗെയിം ഫോറുകളുടെ ബലത്തിലാണ് മുന്നോട്ടുപോവുന്നത്.”
അങ്ങനെ പറഞ്ഞ വിരാട് ഇപ്പോൾ എവിടെയാണ് എന്ന് നോക്കൂ! തിരുവനന്തപുരത്ത് അയാൾ ഒമ്പത് സിക്സറുകളാണ് പറത്തിവിട്ടത്. ഫിഫ്റ്റിയും സെഞ്ച്വറിയും തികച്ചതും സിക്സറുകളിലൂടെ തന്നെ. വിരാട് തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിലാണ്. ഈ സ്റ്റേജിൽ ഇതുപോലൊരു ബാറ്റിങ്ങ് ഗിയർ കണ്ടെടുക്കണമെങ്കിൽ അസാധാരണമായ രീതിയിൽ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. അവിടെയാണ് വിരാട് മഹാനാകുന്നത്. ഋതുരാജ് ഗെയിക്വാദ് ബാറ്റിങ്ങിനിറങ്ങിയ സമയത്ത് ഇന്ത്യ ഒരു ടൈറ്റ് സിംഗിൾ എടുത്തിരുന്നു. അപ്പോൾ വിൻഡീസ് ഫീൽഡർ പന്ത് എറിഞ്ഞത് ഋതുരാജ് ഓടിയ എൻഡിലേയ്ക്കായിരുന്നു. നാൽപ്പതാം വയസ്സിലേയ്ക്ക് സാവകാശം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിരാടിനെ റൺ-ഔട്ടാക്കാൻ എളുപ്പമല്ല എന്ന വസ്തുത കരീബിയൻ പട തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
കഴിഞ്ഞ വർഷം ചീഫ് സെലക്ടറായ അജിത് അഗാർക്കർ വിരാടിനെ ഒന്ന് ചൊടിപ്പിച്ചിരുന്നു. 2027-ലെ ലോകകപ്പിന് വിരാട് ഉണ്ടാവുമോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അഗാർക്കർ എങ്ങും തൊടാത്ത ഒരു മറുപടിയാണ് നൽകിയത്. വിരാടിനെ ആ വാക്കുകൾ മുറിവേൽപ്പിച്ചിട്ടുണ്ടാവണം. കടുവയുടെ വാലിൽ പിടിച്ച് വലിക്കുന്നത് പോലുള്ള പ്രവൃത്തിയാണ് അഗാർക്കർ ചെയ്തത്. അന്ന് തുടങ്ങിയ അടി വിരാട് ഇന്നും നിർത്തിയിട്ടില്ല. പൊടി പാറുന്ന അടി! നിലം തൊടാതെയുള്ള അടി.വിരാട് അഗാർക്കറിനെയും ഹേറ്റേഴ്സിനെയും ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്. ഒരു തുള്ളി ചോര പൊടിയാതെ.
എഴുത്ത്: സന്ദീപ് ദാസ്












