അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്നാണെന്നും ഈ വിഷയത്തിന്റെ ഗൗരവം ഇന്ത്യയുടെ പങ്കാളികൾ വേണ്ടത്ര മനസ്സിലാക്കുന്നില്ലെങ്കിൽ അത് ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അമേരിക്ക–പാകിസ്ഥാൻ ബന്ധത്തിൽ അടുത്തിടെ ഉണ്ടായ ഉണർവിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജയശങ്കറിന്റെ പരാമർശം.
ഐക്യരാഷ്ട്ര പൊതുസഭയുടെ 81-ാം സമ്മേളനത്തിന്റെ ഉന്നതതല യോഗങ്ങൾ അവസാനിച്ചതിന് പിന്നാലെ ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച സംവാദ പരിപാടിയിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ പ്രമുഖരും പ്രവാസി പ്രതിനിധികളും നയതന്ത്ര വിദഗ്ധരും പങ്കെടുത്ത പരിപാടിയിൽ അമേരിക്കയുമായുള്ള ബന്ധത്തിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദം അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് ജയശങ്കർ പറഞ്ഞു. അയൽരാജ്യത്തിൽ നിന്നുള്ള ഭീകരവാദത്തെ ദീർഘകാലമായി നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്നും, ഈ വിഷയത്തിൽ പങ്കാളി രാജ്യങ്ങളിൽ നിന്ന് ആവശ്യമായ ധാരണയും സഹാനുഭൂതിയും ലഭിക്കുന്നില്ലെങ്കിൽ അതിന്റെ പ്രതിഫലനം ബന്ധങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരം, തീരുവ, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഊർജ ഇറക്കുമതി, അമേരിക്ക പാകിസ്ഥാനുമായി വീണ്ടും സജീവമായി ഇടപെടുന്നത് തുടങ്ങിയ വിഷയങ്ങൾ കഴിഞ്ഞ കാലയളവിൽ ഇന്ത്യ–അമേരിക്ക ബന്ധത്തിൽ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. അതേസമയം ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും നിലവിലുള്ള വിഷയങ്ങളിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞാൽ ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും ജയശങ്കർ പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളും സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് മുന്നേറിയതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ചെറുകിട ഉൽപാദകരുടെയും കർഷകരുടെയും വ്യവസായങ്ങളുടെയും താൽപര്യങ്ങൾ പരിഗണിക്കേണ്ടതും ഇരുരാജ്യങ്ങളുടെയും ആളോഹരി വരുമാനത്തിലെ വലിയ വ്യത്യാസവും ചർച്ചകളെ കൂടുതൽ സങ്കീർണമാക്കിയതായി അദ്ദേഹം വ്യക്തമാക്കി. നിലവിൽ വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിനും പൊതുവായ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമേരിക്കയുടെ പാകിസ്ഥാനുമായുള്ള സമീപകാല ഇടപെടലുകളാണ് ഇന്ത്യയുടെ ആശങ്കകളിലൊന്നായി തുടരുന്നത്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ രണ്ടാം ഘട്ടത്തിൽ വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം കൂടുതൽ സജീവമായ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പരാമർശം. ഇന്ത്യ–പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ താൻ ഇടപെട്ടെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തെ പലതവണ നിഷേധിച്ചിട്ടുമുണ്ട്.
ഇന്ത്യ–അമേരിക്ക ബന്ധം കൂടുതൽ മെച്ചപ്പെട്ട പാതയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇരുരാജ്യങ്ങളും നേരിടുന്ന യഥാർഥ വിഷയങ്ങളെ തുറന്ന മനസ്സോടെ അഭിമുഖീകരിക്കേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു. പ്രധാന ആശങ്കകളിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.








