ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ആകാശത്തുവെച്ച് മനഃപൂർവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ ഒമാൻ പൗരനും സഹപൈലറ്റുമായ ഹമാം അൽ-ഹമ്മാമി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനം മനഃപൂർവം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ആക്രമണം നടത്തിയത് എന്നും തനിക്ക് മരണത്തെ ഭയമില്ലെന്നും ഹമ്മാമി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.
തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ ഹമ്മാമിയെ മുൻപ് ഒമാൻ എയർലൈൻസിൽ ജോലി ചെയ്യവേ സുരക്ഷാ ഭീഷണിയും തീവ്ര നിലപാടുകളും കണക്കിലെടുത്ത് വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഈ വിലക്ക് മറികടന്നാണ് ഇയാൾ എട്ടു മാസം മുൻപ് ഫ്ലൈ ദുബായിൽ സഹപൈലറ്റായി ജോലിയിൽ പ്രവേശിച്ചത്. ഒമാൻ ഏർപ്പെടുത്തിയ വിലക്ക് വകവെക്കാതെ സുരക്ഷാ പരിശോധനകളിലെ വീഴ്ച മുതലാക്കിയാണ് ഇയാൾ ദുബായ്-ടെൽ അവീവ് പോലെയുള്ള സുപ്രധാന റൂട്ടിലെ വിമാനത്തിൽ കോക്ക്പിറ്റിൽ ഇടം പിടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വിമാനം ആകാശത്തുവെച്ച് കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ കോക്ക്പിറ്റിൽ വെച്ച് ചീഫ് പൈലറ്റായ ഇന്ത്യൻ വംശജൻ സ്മിത് മച്ചാറിനെ ഹമ്മാമി കോക്ക്പിറ്റിലുണ്ടായിരുന്ന കോടാലി (Crash Ax) ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അതിനുശേഷം വിമാനം തകർക്കാൻ ശ്രമിച്ചെങ്കിലും, കടുത്ത പരിക്കുകളോടെ ചോരയിൽ കുളിച്ച പൈലറ്റ് സ്മിത് മച്ചാർ കാണിച്ച അസാമാന്യ ധൈര്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ആക്രമണത്തിനിടയിലും ജീവൻ പണയം വെച്ച് കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ പൈലറ്റിന് സാധിച്ചു. തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് അക്രമിയായ സഹപൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 174-ഓളം യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. യു.എ.ഇയിലെയും ഇസ്രായേലിലെയും വിവിധ സുരക്ഷാ ഏജൻസികൾ നിലവിൽ ഇയാളെ സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് ഏതെങ്കിലും അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.









