തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചെന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വൻ അസത്യവും അജണ്ടാവെച്ചുള്ളതുമാണെന്ന് ബിജെപി. അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു മുതിർന്ന ജനപ്രതിനിധിയെച്ചൊല്ലി വ്യാജകഥകൾ മെനയുന്നത് സാമാന്യമര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് തുറന്നടിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ആർ. ശ്രീലേഖയെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം സുരേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വ്യാജ വാർത്തകളുടെ മുനയൊടിച്ചത്. കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വികസന പ്രവർത്തനങ്ങളിലും ജനസേവന ചുമതലകളിലും വേണ്ടത്ര സജീവമാകാൻ കഴിയുന്നില്ലല്ലോ എന്നൊരു സങ്കടവും ഉത്കണ്ഠയും മാത്രമാണ് ശ്രീലേഖ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജനങ്ങളോടുള്ള പ്രതിബദ്ധതയും നഗരവികസനത്തോടുള്ള ആത്മാർത്ഥതയും കൊണ്ടുണ്ടായ ആ ആധിയെയാണ് ചില മാധ്യമങ്ങൾ രാജി വാർത്തയായി തെറ്റായി ചിത്രീകരിച്ചതും ആഘോഷമാക്കിയതും.
രാജ്യ തലസ്ഥാന നഗരിയിൽ സംഘപരിവാർ പ്രസ്ഥാനങ്ങളും ബിജെപിയും കൈവരിച്ച ചരിത്രപരമായ മുന്നേറ്റത്തിൽ അസ്വസ്ഥരായ ചില കേന്ദ്രങ്ങളാണ് ബിജെപി ഭരണസമിതിക്കെതിരെ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ജനക്ഷേമ വികസനങ്ങളുമായി ശക്തമായി മുന്നോട്ടുപോകുന്ന ബിജെപി നേതൃത്വത്തെയും ഭരണസമിതിയെയും അപകീർത്തിപ്പെടുത്താനുള്ള മാധ്യമങ്ങളുടെ നീക്കങ്ങൾ വിലപ്പോവില്ലെന്ന് പാർട്ടി വൃത്തങ്ങൾ ആവർത്തിച്ചു. ചികിത്സയിലുള്ള ഒരു മുതിർന്ന നേതാവിനെ രാഷ്ട്രീയ ലാഭത്തിനായി അപമാനിക്കുന്ന ഇത്തരം മാധ്യമ രീതികൾ തികച്ചും അപലപനീയമാണെന്നും ശ്രീലേഖ പൂർണ്ണ ആരോഗ്യവതിയായി ഉടൻ തന്നെ ജനസേവന രംഗത്തേക്ക് തിരിച്ചെത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു.. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്‌ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചക്ക് കാരണമായി. R.ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല.
അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ല. ചിലർ BJP യുടെ കോർപ്പറേഷൻ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി.. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം BJP തന്നെ ഭരിക്കും. കേരളത്തിലെ ആദ്യവനിത IPS കാരിയും DGP യും എന്ന നിലക്ക് അവരെ ശ്രീ. കെ. സുരേന്ദ്രൻ ആണ് BJPയിൽ ചേർത്തത്. തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള R.ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല R ശ്രീലേഖ, അവർ ഒരു സ്ത്രീയാണ് , ഒരു അമ്മയാണ്…
അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും…
എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു..
എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സോമൻ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡൻ്റ് കരമന ജയനും , മേയർ വി.വി. രാജേഷും അവരെ അശുപത്രിയിലെത്തി കണ്ടു.












