വോട്ടർ പട്ടികയുടെ അന്തിമ പുതുക്കലിന്റെ ഭാഗമായുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ (എസ്.ഐ.ആർ) ഫോം 7 ദുരുപയോഗം ചെയ്താൽ ഹൈദരാബാദിൽ വൻ പ്രതിഷേധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ലോക്‌സഭാ എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഹൈദരാബാദിലെ മിലാദ് മൈതാനിയിൽ സംഘടിപ്പിച്ച മതസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയത്.
വ്യാജ ഫോം 7 അപേക്ഷകൾ സമർപ്പിച്ച് മുസ്‌ലിം വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ആരോപിച്ച ഉവൈസി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യാജ ഫോം 7 സമർപ്പിക്കുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെങ്കിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നതിനേക്കാൾ വലിയ പ്രതിഷേധങ്ങൾക്ക് ഹൈദരാബാദിന്റെ തെരുവുകൾ സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പേര് വെട്ടേണ്ട ആളുടെ വിവരങ്ങൾ മാത്രം നൽകുകയും അപേക്ഷ നൽകുന്നയാളുടെ വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്ന രീതിയാണ് നിലവിൽ നടക്കുന്നതെന്നും മതത്തിന്റെ പേരിൽ മാത്രം യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയാൽ എ.ഐ.എം.ഐ.എം മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് നോട്ടീസ് ലഭിച്ച 92 ലക്ഷം വോട്ടർമാരിൽ 54 ലക്ഷത്തോളം പേരെ നിലവിൽ പ്രധാന വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ സി. സുദർശൻ റെഡ്ഡി അറിയിച്ചു.










