ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഭയം മൂലമാണ് അമേഠിക്ക് പകരം റായ്ബറേലിയിൽ മത്സരിക്കാൻ തയ്യാറായതെന്ന് സമാജ്‌വാദി പാർട്ടി എം.പി ശിവപാൽ സിംഗ് പട്ടേലിന്റെ വെളിപ്പെടുത്തൽ. റായ്ബറേലിയിൽ പോലും മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് മടിയായിരുന്നുവെന്നും അഖിലേഷ് യാദവ് ഇടപെട്ടാണ് അദ്ദേഹത്തെ നിർബന്ധിച്ച് മത്സരരംഗത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ സമാജ്‌വാദി പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ നിർബന്ധമായും നിർത്തുമായിരുന്നെന്ന് അഖിലേഷ് യാദവ് മുന്നറിയിപ്പ് നൽകിയ ശേഷമാണ് അദ്ദേഹം സമ്മതം മൂളിയതെന്നും പ്രതാപ്ഗഢിൽ നിന്നുള്ള എം.പി കൂടിയായ പട്ടേൽ വ്യക്തമാക്കി.
സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം ഇല്ലായിരുന്നുവെങ്കിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ വോട്ടുകൾ പൂർണ്ണമായും കോൺഗ്രസിന് ലഭിച്ചതുകൊണ്ടാണ് അവർ സംസ്ഥാനത്ത് ആറ് സീറ്റുകൾ നേടിയത്. 37 സീറ്റുകൾ നേടി വലിയ മുന്നേറ്റം ഉണ്ടാക്കിയ തങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് വളരെ പിന്നിലാണെന്നും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസ് പൂജ്യത്തിലേക്ക് വീഴുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, സമാജ്‌വാദി പാർട്ടി എം.പിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുന്ന നേതാക്കളെ നിയന്ത്രിക്കാൻ സമാജ്‌വാദി പാർട്ടി തയ്യാറാകണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് വക്താവ് അൻഷു അവസ്തി ആവശ്യപ്പെട്ടു. ഇൻഡി മുന്നണിയുടെ പിന്തുണയോടെ മാത്രമാണ് ശിവപാൽ സിംഗ് പട്ടേൽ ഇപ്പോൾ എം.പിയായതെന്നും സ്വന്തം പരിധികൾ മനസ്സിലാക്കി സംസാരിക്കാൻ അദ്ദേഹം പഠിക്കണമെന്നും കോൺഗ്രസ് തിരിച്ചടിച്ചു.








