ഉത്തർപ്രദേശിലെ ദേവരിയയിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് പിടിയിലായി. ലാർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുതാവർ മോഡിന് സമീപം വെച്ച് പ്രതിയായ ദീപക് തിവാരിയെയാണ് പോലീസ് പിടികൂടിയത്. വാഹ പരിശോധനയ്ക്കിടെ നിർത്താതെ ഓടിച്ചുപോയ ഇയാൾ പൊലീസിന് നേരെ വെടിയുതിർക്കുകയും തുടർന്ന് പൊലീസ് നടത്തിയ തിരിച്ചടിയിൽ ഇടതുകാലിന് വെടിയേൽക്കുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്നും നാടൻ തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു.
ഒക്ടോബർ ഒന്നിനാണ് ഭീഖം ഛാപ്ര ഗ്രാമവാസിയും ആർ.എസ്.എസ് പ്രവർത്തകനുമായ രാമേശ്വർ തിവാരി കൊല്ലപ്പെടുന്നത്. വീടിന് മുന്നിലെ വഴിയിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളായ സംഘം ഇദ്ദേഹത്തെ ലാത്തിയും വടികളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തിൽ 16 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ നടപടിയെടുക്കാൻ വൈകിയതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ പ്രതി ദീപക് തിവാരി നിലവിൽ ദേവരിയ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.








