ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന്റെ അക്രമത്തെ ധീരമായി ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുജറാത്ത് സർക്കാരിന്റെ പരമോന്നത ബഹുമതി. ഗുജറാത്തിന്റെ മകനായ സ്മിത് മച്ചാറിന്റെ ധീരതയിൽ സംസ്ഥാനം മുഴുവൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നരമ്പുകളിൽ ഗുജറാത്തി രക്തമാണ് ഓടുന്നതെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. അദ്ദേഹത്തിന് സംസ്ഥാന സർക്കാരിന്റെ ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപ പുരസ്കാരത്തുകയും നൽകി ആദരിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിലവിൽ മുംബൈയിൽ താമസിക്കുന്ന സ്മിത് മച്ചാർ ന്യൂസിലാൻഡിൽ നിന്നാണ് വ്യോമയാന പരിശീലനം പൂർത്തിയാക്കിയത്. വർഷങ്ങളോളം പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം 2022-ൽ ഫ്ലൈദുബായിൽ പൈലറ്റായി ചേർന്നത്. സഹപൈലറ്റിന്റെ കടുത്ത അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാർ കാണിച്ച അസാമാന്യ മനസ്സാന്നിധ്യവും ധീരതയുമാണ് കോക്പിറ്റിന്റെ വാതിൽ തുറക്കാനും യാത്രക്കാരുടെ സഹായത്തോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാനും സഹായിച്ചത്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് വേണ്ടി ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ സ്മിത് മച്ചാറിനെ യഥാർത്ഥ നായകൻ എന്ന് വിശേഷിപ്പിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിന്റെ ധീരപ്രവർത്തി ആഗോളതലത്തിൽ ഭാരതത്തിന്റെയും ഗുജറാത്തിന്റെയും പേര് വാനോളം ഉയർത്തിയെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.









