ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്രയെ നിയമിക്കാൻ കോൺഗ്രസ് നേതൃത്വം നീക്കം നടത്തുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷൻ അജയ് റായിക്ക് പകരക്കാരിയായാണ് എം.എൽ.എയായ ആരാധന മിശ്രയെ പരിഗണിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ പ്രമോദ് തിവാരിയുടെ മകളായ ആരാധന പ്രതാപ്ഗഢിലെ രാംപൂർ ഖാസ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്.
സംസ്ഥാനത്ത് സ്വാധീനമുള്ള ബ്രാഹ്മണ വോട്ടർമാരെയും വനിതാ വോട്ടർമാരെയും ഒരുപോലെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. ഉത്തർപ്രദേശിലെ 100-ലധികം നിയമസഭാ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തെ ഒപ്പം നിർത്താൻ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ബ്രാഹ്മണ മുഖത്തെ കൊണ്ടുവരുന്നത് സഹായിക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതിനുപുറമെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകാനായി രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ കൂടി നിയമിക്കാൻ ആലോചനയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉത്തർപ്രദേശിലെ സംഘടന സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച രണ്ട് സീറ്റുകളിലൊന്ന് ആരാധന മിശ്രയുടെ രാംപൂർ ഖാസ് ആയിരുന്നു. ഈ തീരുമാനത്തിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾ ശക്തമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.









