ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടന്ന 2026 ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടി തിളങ്ങിയ ഇന്ത്യൻ അത്‌ലറ്റ് വിത്യ രാംരാജിന്റെ നേട്ടങ്ങൾക്ക് പിന്നിൽ സ്വന്തം പിതാവിന്റെ വർഷങ്ങൾ നീണ്ട ത്യാഗത്തിന്റെ കഥ. ഒരു ട്രക്ക് ഡ്രൈവറായ പിതാവ്, വിത്യയ്ക്കും അവരുടെ ഇരട്ട സഹോദരിയായ നിത്യയ്ക്കും പരിശീലനത്തിന് വേണ്ട സ്പൈക്സ് ഷൂസ് വാങ്ങി നൽകാൻ സ്വന്തം ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നതായാണ് വിത്യ വെളിപ്പെടുത്തിയത്. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബം അനുഭവിച്ച കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
ഡ്രൈവർ ജോലി ചെയ്തിരുന്ന പിതാവിന് ചുരുങ്ങിയ വരുമാനം മാത്രമാണ് ഉണ്ടായിരുന്നത്. 2009 കാലഘട്ടത്തിൽ ഒരു നേരത്തെ ഭക്ഷണത്തിന് 10 മുതൽ 40 രൂപ വരെയായിരുന്ന സമയത്ത്, മക്കൾക്ക് പരിശീലനത്തിനുള്ള ഷൂസ് വാങ്ങാൻ തുക കണ്ടെത്താനായി പിതാവ് ഭക്ഷണം കഴിക്കാതെ ചായയും ബിസ്കറ്റും മാത്രം കഴിച്ചാണ് പണം സമ്പാദിച്ചിരുന്നത്. കുട്ടിക്കാലത്ത് പിതാവിന്റെ ഈ ത്യാഗങ്ങളുടെ ആഴം മനസ്സിലായിരുന്നില്ലെന്നും എന്നാൽ ഇന്ന് രാജ്യത്തിനായി മെഡലുകൾ നേടി ആ അധ്വാനത്തിന് തിരികെ കൊടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും വിത്യ കൂട്ടിച്ചേർത്തു.
ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. വനിതകളുടെ 4×400 മീറ്റർ റിലേയിൽ കിരൺ പഹാൽ, മച്ചെറ്റിര പൂവമ്മ, പ്രാചി ചൗധരി എന്നിവർക്കൊപ്പം 3:3:29.69 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയ ടീമിൽ വിത്യ അംഗമായിരുന്നു. മിക്സഡ് 4×400 മീറ്റർ റിലേയിൽ വിശാൽ ടി.കെ, മച്ചെറ്റിര പൂവമ്മ, മനു ടി.എസ് എന്നിവർക്കൊപ്പം 3:14.46 മിനിറ്റിൽ ഫിനിഷ് ചെയ്ത് വെള്ളി മെഡലും താരം സ്വന്തമാക്കി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടിയ വിത്യ, ലെജൻഡ് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡും തകർത്തു.








