ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് വ്യോമപ്രതിരോധ മിസൈൽ സംവിധാനം വിദേശരാജ്യങ്ങളിലേക്ക് വിജയികരമായി കയറ്റുമതി ചെയ്തുകൊണ്ട് പ്രതിരോധ മേഖലയിൽ രാജ്യം വലിയ നേട്ടം കൈവരിച്ചു. അർമേനിയക്ക് പുറമേ മധ്യേഷ്യൻ രാജ്യങ്ങളായ താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ഇപ്പോൾ ഇന്ത്യൻ നിർമ്മിത ആകാശ് മിസൈൽ സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ആണ് ഈ സുപ്രധാന വിവര ഔദ്യോഗികമായി പുറത്തുവിട്ടത്. ആദ്യ വിദേശ ഉപഭോക്താവായ അർമേനിയ നിരവധി ആകാശ് മിസൈലുകൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് മറ്റ് രണ്ട് രാജ്യങ്ങളും ഈ തദ്ദേശീയ ആയുധത്തിലേക്ക് തിരിഞ്ഞത്.
ഡിആർഡിഒയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച ഈ മിസൈൽ ശത്രുക്കളുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും കൃത്യമായി തകർക്കാൻ ശേഷിയുള്ളതാണ്. ഏകദേശം ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂര പരിധിയിലുള്ള ശബ്ദത്തേക്കാൾ വേഗതയിൽ പറക്കുന്ന ലക്‌ഷ്യങ്ങളെ തടയാൻ ആകാശ് മിസൈലിന് സാധിക്കും. തദ്ദേശീയമായി നിർമ്മിച്ച റേഡാറുകളുടെയും മിസൈൽ സാങ്കേതികവിദ്യയുടെയും കാര്യക്ഷമത ലോകരാഷ്ട്രങ്ങൾ അംഗീകരിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കയറ്റുമതി കരാറുകൾ.
ആകാശ് മിസൈലിന്റെ ഉത്പാദനം പൂർണ്ണമായി സ്ഥിരത കൈവരിച്ച സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായവ വിതരണം ചെയ്യുന്നതിനൊപ്പം വിദേശ ഓർഡറുകൾ വേഗത്തിൽ നൽകാനും ഇന്ത്യ സജ്ജമാണ്. ബ്രഹ്മോസ് മിസൈലിന് പിന്നാലെ ആകാശ് മിസൈലും ആഗോള വിപണിയിൽ തരംഗമായതോടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യങ്ങൾക്ക് വലിയ ഊർജ്ജമാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ലോകത്തിലെ മറ്റു പല രാജ്യങ്ങളിൽ നിന്നും ആകാശ് മിസൈലിനായി കൂടുതൽ വിദേശ കരാറുകൾ ഇന്ത്യ തേടിയെത്തുമെന്നാണ് പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.








