ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള ശ്രീ സിറ്റി വ്യാവസായിക മേഖലയിലെ ഒരു സ്വകാര്യ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഉണ്ടായ വൻ ബോയിലർ സ്ഫോടനത്തിൽ അഞ്ചു തൊഴിലാളികൾ കൊല്ലപ്പെടുകയും പത്തുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഷിഫ്റ്റ് സമയത്ത് പെട്ടെന്നുണ്ടായ സ്ഫോടനത്തെ തുടർന്ന് ഫാക്ടറിക്കുള്ളിൽ വൻ തീപിടിത്തവും പുകയും പടർന്നുപിടിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
സംഭവം അറിഞ്ഞയുടൻ പോലീസ്, അഗ്നിശമന സേനാംഗങ്ങൾ, ദുരന്തനിവാരണ വിഭാഗം എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോയിലറിലുണ്ടായ സാങ്കേതിക തകരാറാണോ അതോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മരിച്ചവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അപകടസമയത്ത് ഫാക്ടറിയിൽ എത്ര പേരുണ്ടായിരുന്നുവെന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ ദാരുണ സംഭവത്തിൽ ആന്ധ്രപ്രദേശ് വിദ്യാഭാസ-ഐടി മന്ത്രി നാര ലോകേഷ് തീവ്രമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച അദ്ദേഹം, പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ സർക്കാറു സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.










