സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ കരാർ വലിയ വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. സൗദിക്കെതിരെ ഹൂത്തി വിഭാഗം നടത്തുന്ന ആക്രമണങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമാണ് ‘ഇസ്ലാമിക് നാറ്റോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൂട്ടായ്മയ്ക്ക് കടുത്ത പരീക്ഷണം സൃഷ്ടിക്കുന്നത്.
ഒരംഗത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന കരാറിലെ പ്രധാന വ്യവസ്ഥ നിലനിൽക്കെ, സൗദിയെ സംരക്ഷിക്കാൻ നേരിട്ട് സൈനിക ഇടപെടൽ നടത്താൻ പാകിസ്ഥാൻ മടിക്കുന്നത് സഖ്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.
സ്വന്തം രാജ്യത്ത് അഭിമുഖീകരിക്കുന്ന സാമ്പത്തിക, സുരക്ഷാ പ്രതിസന്ധികളും ഇറാനുമായുള്ള സങ്കീർണ്ണമായ നയതന്ത്ര ബന്ധവുമാണ് പാകിസ്ഥാനെ പിന്നോട്ട് വലിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ സൈനിക നീക്കം നടത്തുന്നത് പാകിസ്ഥാനിൽ കടുത്ത വിഭാഗീയ അസ്വസ്ഥതകൾക്കും ആഭ്യന്തര തകർച്ചയ്ക്കും കാരണമായേക്കുമെന്ന ഭയവും പാക് ഭരണകൂടത്തിനുണ്ട്. സാമ്പത്തിക സഹായവും പശ്ചിമേഷ്യയിൽ കൂടുതൽ സ്വാധീനവും ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഈ കരാറിൽ പങ്കാളിയായതെങ്കിലും, മേഖലയിലെ കടുത്ത സൈനിക-സുരക്ഷാ ബാധ്യതകൾ ഏറ്റെടുക്കാൻ അവർ ഇപ്പോഴും സജ്ജരല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്..










