സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക റെയ്ഡ്. തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിവിധ സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) രജിസ്റ്റർ ചെയ്ത കേസുകളുടെ ഭാഗമായാണ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് രാവിലെ ആറരയോടെ റെയ്ഡ് ആരംഭിച്ചത്.
എറണാകുളത്തെ അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തൃശൂരിലെ കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്, മലപ്പുറത്തെയും കോഴിക്കോട്ടെയും തെന്നല സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്. അങ്കമാലി അർബൻ ബാങ്കിൽ വ്യാജ വായ്പകൾ വഴി 121 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ഇ.ഡി മുൻപ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർനടപടിയായി ബാങ്കിലെ മുൻ അക്കൗണ്ടന്റും വ്യാജ ലോണുകൾക്ക് നേതൃത്വം നൽകിയ ആളുമായ ഷിജുവിന്റെ വീടുൾപ്പെടെ അഞ്ചോളം കേന്ദ്രങ്ങളിലാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്.
തൃശൂരിൽ കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് ശാഖകളിലും മുൻ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വസതികളിലുമായി അഞ്ചിടങ്ങളിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. കോഴിക്കോട് ഏഴ് കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നത്. വൻതോതിലുള്ള കള്ളപ്പണ ഇടപാടുകളും വ്യാജ വായ്പാ തട്ടിപ്പുകളും സഹകരണ മേഖല വഴി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ഈ നിർണ്ണായക നീക്കം.












