ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തലവന്റെ പദവിയിൽ 25 വർഷം പൂർത്തിയാക്കുന്നു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആരംഭിച്ച നരേന്ദ്ര മോദിയുടെ സമാനതകളില്ലാത്ത രാഷ്ട്രീയ യാത്ര കാൽനൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ രാജ്യമെമ്പാടും ആഘോഷമാക്കുകയാണ് ബി.ജെ.പി. ഈ നാഴികക്കല്ലിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടികൾക്ക് തുടക്കമായി. നരേന്ദ്ര മോദിയുടെ ജന്മദേശമായ വഡ്നഗറിനെയും അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിയെയും ബന്ധിപ്പിച്ചുകൊണ്ട് ജനസമ്പർക്ക പരിപാടികളും യാത്രകളും ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്.
2001-ൽ കച്ച് ഭൂകമ്പത്തിന്റെ തകർച്ചയിൽ നിൽക്കുമ്പോഴാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം, നർമ്മദ കനാൽ ശൃംഖലയുടെ വികസനം എന്നിവയിലൂടെ ഗുജറാത്തിനെ വ്യാവസായിക, കാർഷിക പുരോഗതിയിലേക്ക് അദ്ദേഹം നയിച്ചു. തുടർന്ന് 12 വർഷത്തിലധികം ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്ന അദ്ദേഹം അവതരിപ്പിച്ച ‘ഗുജറാത്ത് മോഡൽ’ വികസനം ഇന്ത്യയിലുടനീളം തരംഗമായി മാറി. 2014-ൽ 282 സീറ്റുകൾ നേടി കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ് ഗാന്ധിനഗറിലെ ഭരണരംഗത്തുനിന്നും നരേന്ദ്ര മോദി ന്യൂഡൽഹിയിലെ രാജ്യത്തിന്റെ പവർ സെന്ററിലേക്ക് എത്തുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ നിർണ്ണായകവും ചരിത്രപരവുമായ നിരവധിയായ തീരുമാനങ്ങളാണ് നരേന്ദ്ര മോദി കൈക്കൊണ്ടത്. ജി.എസ്.ടി (GST) നടപ്പിലാക്കൽ, നോട്ടുനിരോധനം, ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്സി കോഡ്, ഭാരതീയ ഡിജിറ്റൽ പൊതു സൗകര്യങ്ങളുടെ (UPI) ആഗോള വളർച്ച എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് 200 കോടിയിലധികം ഡോസ് വാക്സിൻ നൽകി രാജ്യത്തെ സുരക്ഷിതമാക്കാൻ നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ മികച്ച ഭരണശേഷി തെളിയിച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള സർജിക്കൽ സ്ട്രൈക്ക്, പുൽവാമ ആക്രമണത്തിന് ശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണം, കൂടാതെ പഹൽഗാം ആക്രമണത്തിന് മറുപടിയായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്നിവയിലൂടെ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ സൈനിക വീര്യം അദ്ദേഹം തെളിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജമ്മു കാശ്മീരിലെയും അടിസ്ഥാന സൗകര്യ വികസനവും ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര ഉന്നതിയും നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെ 25 വർഷത്തെ പൊതുസേവനത്തിലെ തിളക്കമുള്ള അധ്യായങ്ങളായി വിലയിരുത്തപ്പെടുന്നു.












