വിശാഖപട്ടണം: “ചുറ്റും പുരുഷന്മാരാണ്, എനിക്ക് വലിയ ഭയം തോന്നുന്നു…” – ബന്ധുക്കൾക്ക് അയച്ച ആ അവസാന സന്ദേശത്തിന് പിന്നാലെ അസം സ്വദേശിയായ നർത്തകിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. അത്യധികം സന്തോഷത്തോടെ തന്റെ നൃത്തസംഘത്തോടൊപ്പം വിശാഖപട്ടണത്തേക്ക് യാത്രതിരിച്ച പെൺകുട്ടിയാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പരീക്ഷയെഴുതാനായി മാത്രമാണ് പെൺകുട്ടി നൃത്തസംഘത്തിൽ നിന്ന് വേർപിരിഞ്ഞ് ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ട്രെയിൻ ടിക്കറ്റ് കൺഫേം ആയിരുന്നില്ലെങ്കിലും പരീക്ഷ മുടങ്ങാതിരിക്കാൻ ട്രെയിൻ കയറുകയായിരുന്നു. പെൺകുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ ആശങ്കയുണ്ടായിരുന്ന കുടുംബം നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കമ്പാർട്ട്‌മെന്റിൽ ചുറ്റും പുരുഷന്മാരാണെന്നും ഭയം തോന്നുന്നുവെന്നും പെൺകുട്ടി ബന്ധുക്കളെ അറിയിച്ചത്.
പിന്നീട് പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാൻ കഴിയാതെ വരികയുമായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം ചേതനയറ്റ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. പെൺകുട്ടി ട്രെയിനിൽ നിന്ന് ചാടിയതാണോ അതോ അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.









