ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കിക്കൊണ്ട് പുതിയ സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ ‘മംഗ്രോൾ’ (INS Mangrol) കമ്മീഷൻ ചെയ്യുന്നു. ആഴം കുറഞ്ഞ ജലാശയങ്ങളിൽ ശത്രുക്കളുടെ അന്തർവാഹിനികൾ നടത്തുന്ന നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും അവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമായി പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ അത്യാധുനിക യുദ്ധക്കപ്പൽ.
തിങ്കളാഴ്ച മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടക്കുന്ന ചടങ്ങിൽ മംഗ്രോൾ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. കൊച്ചി കപ്പൽശാലയിൽ ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് പരമ്പരയിലെ മൂന്നാമത്തെ കപ്പലാണ് മംഗ്രോൾ. തീരദേശ സുരക്ഷ ശക്തമാക്കുന്നതിലും ശത്രു രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളെ തടയിടുന്നതിലും ഈ കപ്പലുകൾ നിർണായക പങ്കുവഹിക്കും.
അതിനൂതന സാങ്കേതികവിദ്യകളും സെൻസറുകളും ഉൾക്കൊള്ളിച്ചിട്ടുള്ള മംഗ്രോളിൻ്റെ വരവ് ഇന്ത്യൻ സമുദ്രമേഖലയിലെ കടലടിയിലെ സുരക്ഷാ സന്നാഹങ്ങൾക്ക് പുതിയമാനം നൽകും. രാജ്യത്തിൻ്റെ പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിൻ്റെയും തദ്ദേശീയമായി യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിലെ വലിയ വിജയങ്ങളുടെയും തുടർച്ചയാണ് കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ഈ കപ്പലിൻ്റെ സമർപ്പണം. ചടങ്ങിൽ മുതിർന്ന നാവികസേന ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കും.








