ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പ്രധാന തട്ടകമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താൻ കേന്ദ്ര സർക്കാർ. ഉത്തരവിന് പിന്നാലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫിന്റെ (പി.ടി.ഐ) മുൻനിര നേതാക്കൾക്കെതിരെ മിന്നൽ നടപടികളിലേക്ക് സുരക്ഷാ സേന കടന്നു. മുൻ മുഖ്യമന്ത്രി അലി അമീൻ ഗണ്ഡാപൂരിനെ ഡെറ ഇസ്മായിൽ ഖാനിലെ വസതിയിൽ പോലീസ് വീട്ടുതടങ്കലിലാക്കി. മുൻ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയെയും പാർട്ടി പ്രവിശ്യാ പ്രസിഡൻ്റ് ജുനൈദ് അക്ബറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസിഡൻ്റ് ആസിഫ് അലി സർദാരിയാണ് ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥയും ഗവർണർ ഭരണവും ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇമ്രാൻ ഖാൻ്റെ മോചനത്തിനായി ഇസ്ലാമാബാദിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് നടത്താൻ പി.ടി.ഐ തയ്യാറെടുക്കുന്നതിനിടെയാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാരിൻ്റെ ഈ കടുത്ത നീക്കം. തലസ്ഥാന നഗരത്തിലേക്ക് വലിയ രീതിയിൽ പ്രതിഷേധ മാർച്ചുകൾ നടക്കുന്നത് ക്രമസമാധാന നില വഷളാക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര ഭരണകൂടം പ്രവിശ്യയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തത്.
അലി അമീൻ ഗണ്ഡാപൂരിനെ തടങ്കലിൽ വെച്ച കാര്യം പി.ടി.ഐ ഔദ്യോഗികമായി എക്‌സിലൂടെ (X) സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാക്കളെയും അണികളെയും ഭയപ്പെടുത്തി പിന്മാറ്റാനാണ് ഭരിക്കുന്ന സർക്കാർ ശ്രമിക്കുന്നതെന്നും, എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഇമ്രാൻ ഖാൻ്റെ മോചനത്തിനായുള്ള സമരം കൂടുതൽ ശക്തിയായി തുടരുമെന്നും പി.ടി.ഐ നേതൃത്വം വ്യക്തമാക്കി.
സുരക്ഷാ പ്രശ്നങ്ങളും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും, സുരക്ഷാ ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ സർക്കാരിനെയും സ്വയംഭരണ അവകാശങ്ങളെയും അട്ടിമറിക്കാനാണ് ശ്രമമെന്ന് പി.ടി.ഐ ആരോപിക്കുന്നു. മേഖലയിൽ പാക് സൈന്യത്തെയും കൂടുതൽ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. മുൻനിര നേതാക്കളുടെ അറസ്റ്റോടെ പാകിസ്താനിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും വൻ സംഘർഷത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.









