ദേശീയ തലസ്ഥാനത്ത് ഇലക്ഷൻ കമ്മീഷനെതിരെയും കേന്ദ്ര ഭരണകൂടത്തിനെതിരെയും സമരം നടത്താൻ ഒത്തുകൂടിയ ഇടത്-പ്രതിപക്ഷ സഖ്യങ്ങൾ തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും നാടകങ്ങളും ഒടുവിൽ തെരുവിൽ പരസ്യമാകുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്നതിനിടെ, സമര പങ്കാളികളായ ‘സിജെപി’ പ്രസ്ഥാനത്തിനെതിരെ ആരോപണമുന്നയിച്ച പി. സരിൻ ഒടുവിൽ സ്വന്തം സഖാക്കളുടെ അമർഷം ഭയന്ന് ഖേദപ്രകടനവുമായി രംഗത്ത്. സിജെപി എന്നത് ആർഎസ്എസിന്റെ മറ്റൊരു ഗൂഢാലോചന പദ്ധതിയാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന് അത് മെല്ലെ വെളിവാകുമെന്നുമായിരുന്നു സരിന്റെ ആദ്യ പ്രസ്താവന.
പാർലമെന്റിൽ പോയി ജന്ദർ മന്തറിൽ സമരമിരിക്കാൻ അനുവാദം ചോദിക്കുന്നവർ ആർക്ക് വേണ്ടിയാണ് ഈ നാടകം കളിക്കുന്നതെന്നും ഇത്തരം നാടകങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും സരിൻ വിമർശിച്ചിരുന്നു. എന്നാൽ സംഭവം വലിയ രാഷ്ട്രീയ വിവാദമാവുകയും അച്ചടക്കനടപടി ഭീഷണി ഉയരുകയും ചെയ്തതോടെ താൻ പറഞ്ഞത് വാക്ക് പിഴവാണെന്ന് കാണിച്ച് സരിൻ ഫെയ്സ്ബുക്കിൽ ഖേദപ്രകടനം നടത്തുകയായിരുന്നു. മാപ്പുപറച്ചിൽ കുറിപ്പിൽ സിജെപിയെ “ലോകമാകെ ശ്രദ്ധിക്കുന്ന യുവജന പ്രസ്ഥാനം” എന്ന് പുകഴ്ത്തിപ്പറയാനും സരിൻ മടിച്ചില്ല.
ദേശീയ തലത്തിൽ മോദി സർക്കാരിനെതിരെ വ്യാജപ്രചാരണങ്ങളും വഴിതടയൽ സമരങ്ങളും സംഘടിപ്പിക്കാൻ ഒന്നിച്ചു നിൽക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ യഥാർത്ഥ അവസ്ഥയാണ് ഈ ആഭ്യന്തര തമ്മിലടിയിലൂടെ പുറത്തുവന്നിരിക്കുന്നത്. കേവലം രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ട് ഡൽഹിയിൽ തടിച്ചുകൂടിയ പ്രതിപക്ഷ കൂട്ടായ്മയിലെ ഓരോ നേതാക്കളും സ്വന്തം അജണ്ടകൾക്കായി പരസ്പരം പാരവെയ്ക്കുന്ന കാഴ്ചയാണ് തലസ്ഥാനത്ത് അരങ്ങേറുന്നത്. ജനശ്രദ്ധ നേടാൻ വിഡ്ഢിത്തങ്ങൾ പറയുകയും പിന്നീട് സ്വന്തം അണികളുടെ തന്നെ തല്ലുപേടിച്ച് ഫെയ്സ്ബുക്കിലൂടെ മാപ്പുപറയുകയും ചെയ്യുന്ന ഇടത് നേതാക്കളുടെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പരിഹാസമാണ് ഉയരുന്നത്.












