ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, ഗൗതം ഗംഭീർ, സഹീർ ഖാൻ തുടങ്ങിയവർ തങ്ങൾ എന്തുകൊണ്ടാണ് ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് വ്യക്തമായി അറിയാവുന്നവരാണെന്ന് മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീൽ. വ്യക്തിബന്ധങ്ങളേക്കാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്കാണ് തങ്ങൾ മുൻഗണന നൽകിയതെന്നും മുൻ ചീഫ് സെലക്ടർ കൂടിയായ സന്ദീപ് പാട്ടീൽ വ്യക്തമാക്കി.
2012 മുതൽ 2016 വരെയുള്ള നിർണായകമായ പരിവർത്തന ഘട്ടത്തിലാണ് അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയുടെ തലവനായി സന്ദീപ് പാട്ടീൽ പ്രവർത്തിച്ചത്. തീരുമാനം താൻ ഒറ്റയ്ക്കല്ല എടുത്തതെന്നും അഞ്ചംഗ സെലക്ഷൻ പാനൽ ഒറ്റക്കെട്ടായാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മക്കായി ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് കടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സച്ചിനും ഗംഭീറും യുവരാജും സഹീറുമെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥന്മാരാണെങ്കിലും ടീമിൽ നിന്ന് മാറ്റിനിർത്തപ്പെടാനോ വിരമിക്കാനോ ഉണ്ടായ കാരണങ്ങൾ അവർക്ക് കൃത്യമായി അറിയാമെന്ന് ദൂരദർശന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’യിൽ സന്ദീപ് പാട്ടീൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെയും ബിസിസിഐയുടെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുക എന്നതായിരുന്നു സെലക്ടർമാർ എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം. താരങ്ങളുമായി വ്യക്തിപരമായ സൗഹൃദങ്ങൾ ഉണ്ടാകാമെങ്കിലും ടീം തിരഞ്ഞെടുപ്പിൽ കൃത്യമായ അതിരുകൾ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും സൗഹൃദത്തിന്റെ പേരിൽ മാത്രം ഒരാളെ ടീമിൽ ഉൾപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാവിയെക്കരുതി ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും മുൻ 1983 ലോകകപ്പ് ജേതാവ് കൂടിയായ പാട്ടീൽ കൂട്ടിച്ചേർത്തു.











