ഇന്നലത്തെ മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായാണ് ഈ മത്സരത്തെ കാണുന്നതെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ വ്യക്തമാക്കി. തന്നെപ്പോലെ തന്നെ തിലക് വർമ്മയും നിതീഷ് കുമാറും മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും എന്നാൽ നിർണ്ണായക ഘട്ടത്തിൽ വിജയം കൈവിട്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിലക് വർമ്മയുടെ വിക്കറ്റ് നഷ്ടമായതാണ് മത്സരത്തിന്റെ വഴിതിരിവായതെന്നും കൂട്ടിച്ചേർത്തു.
അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച താരങ്ങൾ ആണെന്നും കഴിഞ്ഞ കുറെ മത്സരങ്ങളായി മികച്ച സ്ഥിരത പുലർത്തുന്നവരാണെന്നും സഞ്ജു പറഞ്ഞു. ഏതൊരു താരത്തിനും ചില ദിവസങ്ങളിൽ ഫോം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ലെന്നും അത് ക്രിക്കറ്റിൽ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈദരാബാദ് ഗ്രൗണ്ട് തനിക്ക് എപ്പോഴും മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണെന്നും 2024-ൽ ബംഗ്ലാദേശിനെതിരെ ഇവിടെ സെഞ്ചുറി നേടാൻ കഴിഞ്ഞിട്ടുണ്ടെന്നും അനുസ്മരിച്ച അദ്ദേഹം, തന്റെ കരിയറിലെ വലിയൊരു ഉയർച്ചയ്ക്ക് ഈ മൈതാനം കാരണമായിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇതൊരു ഹൈസ്കോറിങ് ഗ്രൗണ്ട് ആയതുകൊണ്ട് തന്നെ ബാറ്റ്സ്മാൻമാർക്ക് മത്സരത്തിൽ എപ്പോഴും വലിയ ആധിപത്യം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ബെംഗളൂരു മത്സരത്തിലാണ് ഇപ്പോൾ ടീമിന്റെ മുഴുവൻ ശ്രദ്ധയെന്നും, എല്ലാവരും ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും പരമ്പര സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.












