ദേശീയ തലസ്ഥാനമായ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ‘ലഹരാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന് മുൻപായി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ പോലീസ് കരുതല് തടങ്കലിലെടുത്തു. ജന്തർ മന്തറിൽ ദേശീയ പതാകയുയർത്തിയതിന് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാൻ ദിപ്കെ ആഹ്വാനം ചെയ്തത്. എന്നാൽ, എൻ.ഡി.എം.സിയോ പോലീസോ മാർച്ചിന് അനുമതി നൽകിയിട്ടില്ലെന്നും പ്രദേശത്ത് ബി.എൻ.എസ്.എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെന്നും കാണിച്ച് പോലീസ് അദ്ദേഹത്തിന് നേരത്തെ ഔദ്യോഗിക നോട്ടീസ് നൽകിയിരുന്നു.
മാർച്ച് തടയുന്നതിന്റെ ഭാഗമായി കൊണാട്ട് പ്ലേസിലും പരിസര പ്രദേശങ്ങളിലും അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ഡ്രോണുകളും നൂറിലധികം സി.സി.ടി.വി ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ പാർക്കിലേക്ക് പ്രവേശിക്കുന്ന വഴികളിൽ പോലീസും അർദ്ധസൈനിക വിഭാഗവും കർശന പരിശോധന ഏർപ്പെടുത്തുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ദേശീയ പതാക വീശുന്നത് കുറ്റകരമല്ലെങ്കിലും അനുമതിയില്ലാതെ ആളുകളെ തടിച്ചുകൂട്ടി പ്രതിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
പോലീസിന്റെ കർശന വിലക്കുകളും മുൻകരുതൽ നടപടികളും നിലനിൽക്കുമ്പോഴും പോരാട്ടം തുടരുമെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. അനാവശ്യമായി ജനങ്ങളെ തടയുന്നതും സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാക്കളും ആരോപിച്ചു. തലസ്ഥാന നഗരിയിലെ പ്രധാന വാണിജ്യ കേന്ദ്രത്തിൽ ക്രമസമാധാനം നിലനിർത്താനും ജനജീവിതം സാധാരണ നിലയിലാക്കാനും പോലീസ് കനത്ത ജാഗ്രത തുടരുകയാണ്.









