കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിൽ നിർണായക കോടതി ഇടപെടൽ. ഒരു സ്കൂട്ടറിൽ മൂന്നുപേർ സഞ്ചരിച്ചതുകൊണ്ടാണ് അപകടം വിളിച്ചുവരുത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് കനത്ത തിരിച്ചടിയുമായി “അതുകൊണ്ടാണോ അവരെ ഇടിച്ചിട്ടത്?” എന്ന് കോടതി ചോദിച്ചു. കേസിൽ പ്രതിഭാഗം വാദം കോടതിയിൽ പുരോഗമിക്കുകയാണ്.
അഡ്വ. സെബി ജോസ് കിടങ്ങൂറാണ് പ്രതിഭാഗത്തിനുവേണ്ടി കോടതിയിൽ ഹാജരായത്. അപകടം നടന്ന ശേഷം സ്ഥലത്തെത്തിയ പ്രിയാദ് എന്നയാളുടെ മൊഴിയെയും പ്രതിഭാഗം ചോദ്യം ചെയ്തു. അപകടശേഷമാണ് പ്രിയാദ് എത്തിയതെന്നും അയാൾ ദൃക്സാക്ഷിയല്ലെന്നും ചൂണ്ടിക്കാണിച്ച പ്രതിഭാഗം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിഞ്ഞുവെന്ന് സംശയമുണ്ടെന്നും വാദിച്ചു. സംഭവസ്ഥലത്ത് പ്രതികളും മരിച്ചവരും എങ്ങനെ എത്തിയെന്നോ മറ്റു വിശദാംശങ്ങളോ പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു.
എന്നാൽ, മൂന്നുപേർ ഒരേ സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടകാരണമെന്ന് പ്രതിഭാഗം ആവർത്തിച്ചപ്പോൾ, അത് നിയമലംഘനമാണെന്നായിരുന്നു മറുപടി. തുടർന്ന് “അവർ മരിച്ചുപോയില്ലേ, അവർക്കെതിരേ ഇനി എന്ത് നടപടിയാണ്?” എന്ന് കോടതി തിരിച്ചുചോദിച്ചു. അപകടത്തെ ലഘൂകരിക്കുന്ന രീതിയാണ് പ്രതിഭാഗം സ്വീകരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.












