ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി സഹതാരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവരെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ച് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. തങ്ങൾ നാലുപേരും ഒരു കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ ആരെയൊക്കെ എവിടെയിരുത്തും എന്ന ചോദ്യത്തിന് തികച്ചും തമാശ രൂപേണയാണ് സൂര്യകുമാർ മറുപടി നൽകിയത്.
ദിശകൾ പെട്ടെന്ന് മറന്നുപോകാൻ സാധ്യതയുള്ളതിനാൽ രോഹിത് ശർമ്മയെ ഒരു കാരണവശാലും ഡ്രൈവിംഗ് സീറ്റിലിരുത്തില്ലെന്നും അദ്ദേഹത്തെ ഡ്രൈവർക്ക് തൊട്ടടുത്ത സീറ്റിൽ ഇരുത്തുമെന്നും സൂര്യകുമാർ പറഞ്ഞു. സംസാരിക്കാൻ ഏറേ രസമുള്ള ആളായതിനാൽ വിരാട് കോഹ്ലിയെ ഡ്രൈവർക്ക് തൊട്ടുപിന്നിലെ സീറ്റിലായിരിക്കും ഇരുത്തുക. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്ന വ്യക്തിത്വമായതുകൊണ്ട് ഹാർദിക് പാണ്ഡ്യയെ കാറിന്റെ മുകളിലായിരിക്കും ഇരുത്തുകയെന്നും ചിരിയോടെ താരം വെളിപ്പെടുത്തി.
ഇവർക്ക് പുറമെ കോഹ്ലി, രോഹിത്, ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ എന്നിവരിൽ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചും സൂര്യകുമാർ മനസ്സുതുറന്നു. വിരാട് കോഹ്ലിയുടെ കഠിനാധ്വാനവും ഫിറ്റ്നസ് ദിനചര്യകളും നേരിട്ട് കണ്ടു പഠിക്കുന്നതിനായി അദ്ദേഹത്തിന്റെ അതേ സമയത്തുതന്നെ താനും പരിശീലനത്തിന് ഇറങ്ങാറുണ്ടായിരുന്നുവെന്ന് സൂര്യകുമാർ വ്യക്തമാക്കി. കളിക്കളത്തിലും പുറത്തും സഹതാരങ്ങളെ എങ്ങനെ മനസ്സിലാക്കണമെന്നും നയിക്കണമെന്നുമുള്ള കൃത്യമായ ക്യാപ്റ്റൻസി പാഠങ്ങൾ രോഹിത് ശർമ്മയിൽ നിന്നാണ് ഉൾക്കൊണ്ടത്.
പരിശീലകൻ ഗൗതം ഗംഭീറിൽ നിന്നാണ് വിജയതൃഷ്ണയും വിനയവും ഒരുപോലെ കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം പഠിച്ചതെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു. കളിക്കളത്തിൽ അതിരുകളില്ലാത്ത മത്സരബുദ്ധിയും ഇറങ്ങിക്കഴിഞ്ഞാൽ തികഞ്ഞ വിനയവും കാത്തുസൂക്ഷിക്കുന്ന ശൈലിയാണ് ഗംഭീറിന്റേതെന്നും, അത് തനിക്ക് വലിയ പ്രചോദനമാണെന്നും സൂര്യകുമാർ യാദവ് ഓർത്തെടുത്തു.












