ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം അനിവാര്യമാണെന്നും എന്നാൽ അത് ജനാധിപത്യപരവും ഭരണഘടനാപരവുമായ മാർഗ്ഗങ്ങളിലൂടെ മാത്രമായിരിക്കും നടപ്പിലാക്കുകയെന്നും തുറന്നടിച്ച് പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുതൽ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള ജനാധിപത്യ പോരാട്ടങ്ങളിലൂടെ മാത്രമായിരിക്കും ഈ ലക്ഷ്യം കൈവരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനകീയ പ്രക്ഷോഭങ്ങളിലൂടെ സർക്കാരുകൾ തകർന്നുവീണ ബംഗ്ലാദേശിലെയും നേപ്പാളിലെയും രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇന്ത്യയെ ചിലർ താരതമ്യം ചെയ്യുന്നതിനെ പ്രകാശ് രാജ് പൂർണ്ണമായും തള്ളിപ്പറഞ്ഞു. “ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല. നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്. നമുക്ക് മഹത്തായൊരു ഭരണഘടനയും അമൂല്യമായ വോട്ടവകാശവുമുണ്ട്. ഞങ്ങൾ അക്രമത്തിന്റെ പാതയിലല്ല. കൈയിൽ ആയുധങ്ങളുമില്ല. ഭരണഘടനയും പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശവുമാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്,” പ്രകാശ് രാജ് പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കുന്ന ജനങ്ങളെയും യുവാക്കളെയും ശത്രുക്കളായി കാണരുതെന്നും, സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങൾ വഴി ജനാധിപത്യത്തെ വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











