രാജ്യത്ത് വ്യാപകമായി തുടരുന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംപിമാരുടെ നിർണായക യോഗം ചെന്നൈയിൽ ചേരുന്നു. എസ്ഐആർ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളും വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ട. സമരക്കാർക്കെതിരായ പൊലീസ് നടപടികൾക്കെതിരെ എം. കെ. സ്റ്റാലിൻ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തിരംഗ മാർച്ചിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത നടപടിയെയും, ജന്തർമന്തറിൽ ഫ്ലാഷ് പ്രൊട്ടസ്റ്റ് നടത്തിയ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതിനെയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രക്ഷോഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമരക്കാർക്ക് ഡിഎംകെയുടെ ഭാഗത്തുനിന്ന് എല്ലാവിധ നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
എസ്ഐആർ വിഷയം മുൻനിർത്തി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കാനാണ് ഡിഎംകെയുടെ തീരുമാനം. അതിനോടൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്ഐആർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണുമെന്നും ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോൺഗ്രസുമായി ഇനി സഹകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് പാർട്ടി.
എസ്ഐആർ വിഷയത്തിൽ കോൺഗ്രസിന്റെയും നടൻ വിജയ്യുടെ പാർട്ടിയായ ടിവികെയുടെയും നിലപാടുകൾ കാപട്യമാണെന്ന് ഡിഎംകെ വിമർശിച്ചു. തമിഴ്നാട്ടിൽ എസ്ഐആറിന് വഴിയൊരുക്കിയത് ഡിഎംകെ ആണെന്ന ടിവികെയുടെ ആരോപണം ഇരു പാർട്ടികളും തമ്മിലുള്ള വാക്പോരിനും വഴിവെച്ചിട്ടുണ്ട്.
കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ‘ഇൻഡി’ സഖ്യത്തിൽ നിന്ന് അകന്ന ഡിഎംകെ, എസ്ഐആറിനെതിരായ പോരാട്ടത്തിനായി പുതിയൊരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സിജെപിയുമായും മറ്റ് പ്രാദേശിക പാർട്ടികളുമായും ഡിഎംകെ ചർച്ചകൾ തുടരുകയാണ്. വരും ദിവസങ്ങളിൽ സ്റ്റാലിൻ അഭിജിത് ദീപ്കെയെ നേരിട്ട് കണ്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.










