ആദ്യകാലത്ത് വിരാട് കോഹ്ലി അഹങ്കാരിയും അമിത ആത്മവിശ്വാസമുള്ളവനുമായി തോന്നിയെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. പ്രാഖർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കകാലത്തെ അനുഭവങ്ങൾ ഡിവില്ലിയേഴ്സ് പങ്കുവെച്ചത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ (ആർസിബി) ഒന്നിച്ചു കളിച്ചതോടെയാണ് ഇരുവരും തമ്മിൽ കളിക്ക് പുറത്തും അടുത്ത സൗഹൃദത്തിലാകുന്നത്. എന്നാൽ ആദ്യമായി കണ്ടുമുട്ടിയപ്പോൾ കോഹ്ലിയെക്കുറിച്ച് തനിക്ക് മികച്ച അഭിപ്രായമല്ല ഉണ്ടായിരുന്നതെന്നും, താൻ പറയുന്നത് കേട്ടാൽ കോഹ്ലി പോലും അത് അംഗീകരിക്കുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
19-20 വയസ്സുള്ളപ്പോൾ കോഹ്ലി അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന യുവാവായിരുന്നുവെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. മികച്ച വിജയങ്ങൾ നേടാൻ അത്തരമൊരു ആത്മവിശ്വാസവും സ്വന്തം കഴിവിലുള്ള ഉറച്ച വിശ്വാസവും അത്യന്താപേക്ഷിതമാണ്. ചെറുപ്പത്തിൽ പലതും തെളിയിക്കാനുണ്ടെന്ന തോന്നലാണ് അത്തരം പെരുമാറ്റത്തിലേക്ക് നയിക്കുന്നത്. എന്നാൽ അത് ചിലപ്പോൾ അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. തന്റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും, കോഹ്ലിയുടെ പെരുമാറ്റം അമിതമായ ആത്മവിശ്വാസമായി തോന്നുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രായം കൂടുന്തോറും വ്യക്തിയെന്ന നിലയിലും ക്രിക്കറ്റർ എന്ന നിലയിലും കോഹ്ലി കൂടുതൽ പക്വത കൈവരിച്ചുവെന്ന് ഡിവില്ലിയേഴ്സ് ഓർത്തെടുത്തു. കരിയറിൽ കൂടുതൽ വിജയങ്ങൾ നേടുകയും ഒരു വ്യക്തിയെന്ന നിലയിൽ ബാലൻസ് കണ്ടെത്തുകയും ചെയ്തതോടെ ആ പെരുമാറ്റരീതി താനേ മാറിപ്പോവുകയായിരുന്നു. കരിയറിന്റെ ആദ്യകാലത്ത് മറ്റുള്ളവരോട് പ്രകടിപ്പിച്ചിരുന്ന അമിതമായ ആത്മവിശ്വാസവും അഹങ്കാരവുമൊക്കെ പക്വത വന്നതോടെ ഇല്ലാതായെന്നും കോഹ്ലിയുടെ വളർച്ചയെ പ്രശംസിച്ചുകൊണ്ട് ഡിവില്ലിയേഴ്സ് പറഞ്ഞു.












