ലക്നൗ: ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്ന വിപ്ലവകരമായ മുന്നേറ്റങ്ങളും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കണ്ട് അമ്പരന്ന് വിദേശികൾ. യുകെയിലെ ആരോഗ്യ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ചികിത്സാരീതികൾ വളരെ വേഗതയേറിയതും ഏറെ ചെലവുകുറഞ്ഞതുമാണെന്ന് തുറന്നുപറഞ്ഞ് ബ്രിട്ടിഷ് ദമ്പതികൾ രംഗത്ത്. ലക്നൗവിൽ ഐവിഎഫ് (IVF) ചികിത്സയ്ക്കായി എത്തിയ ബ്രിട്ടിഷ് പൗരനായ ഡേവ് ഫ്ലൂ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അനുഭവക്കുറിപ്പും വീഡിയോയുമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.
‘ഇന്ത്യയിലെ ആരോഗ്യ സംവിധാനം എന്റെ കണ്ണ് തുറപ്പിച്ചു’ എന്ന തലക്കെട്ടിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡേവ് ഇന്ത്യയുടെ ആരോഗ്യ രംഗത്തെ പ്രശംസകൊണ്ട് മൂടിയത്. ഭാര്യയോടൊപ്പം ഉത്തർപ്രദേശിലെ ലക്നൗവിലുള്ള പ്രശസ്തമായ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഇവർ ചികിത്സയ്ക്കായി എത്തിയത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസുമായി (NHS) തങ്ങൾ അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ആരോഗ്യ സംവിധാനത്തെ താരതമ്യം ചെയ്ത ഡേവ്, ബ്രിട്ടനിലെ അപേക്ഷിച്ച് ഇവിടെ ലഭിക്കുന്ന സേവനങ്ങൾ തികച്ചും ആശ്ചര്യകരമാണെന്ന് വ്യക്തമാക്കുന്നു. “യുകെയിലെ ആരോഗ്യ സംവിധാനത്തേക്കാൾ എത്രയോ ഭേദമാണ് ഇന്ത്യയിലേത്. ഞങ്ങളുടെ ഐവിഎഫ് ചികിത്സയുടെ മുഴുവൻ പ്രക്രിയയും എനിക്ക് വലിയൊരു വെളിപ്പെടുത്തലായിരുന്നു,” അദ്ദേഹം വീഡിയോയിൽ പറയുന്നു.
മാശുപത്രിയിലെ അത്യാധുനിക സാങ്കേതികവിദ്യയും ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും വിദേശത്തുനിന്നെത്തുന്ന രോഗികൾക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ലോഞ്ചിലെ ജീവനക്കാരുടെ കരുതലും തന്നെ ഏറെ സന്തോഷിപ്പിച്ചതായി ഡേവ് കൂട്ടിച്ചേർത്തു. മാസങ്ങളോളം വെയ്റ്റിംഗ് ലിസ്റ്റിൽ കാത്തുനിൽക്കേണ്ടി വരുന്ന യുകെയിലെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ അതിവേഗത്തിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമായത് വലിയ ആശ്വാസമായെന്നും ദമ്പതികൾ പറയുന്നു. കുറഞ്ഞ ചെലവിൽ ലോകോത്തര നിലവാരമുള്ള ചികിത്സ ലഭ്യമാകുന്ന ഇന്ത്യ ഇന്ന് മെഡിക്കൽ ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നതിന്റെ മികച്ച തെളിവാണ് ഈ ബ്രിട്ടിഷ് ദമ്പതികളുടെ അനുഭവ സാക്ഷ്യങ്ങൾ.









