ഇസ്ലാമാബാദ്: അയൽരാജ്യങ്ങൾക്ക് നേരെ വീണ്ടും ആണവ ഭീഷണിയുമായി പാകിസ്ഥാൻ. പാകിസ്ഥാന്റെ പരമാധികാരത്തിന്മേൽ ആരെങ്കിലും കൈവച്ചാൽ പ്രതീക്ഷിക്കുന്നതിലും എത്രയോ അപ്പുറത്തുള്ള ശക്തമായ തിരിച്ചടിയാകും നേരിടേണ്ടി വരികയെന്ന് പാകിസ്ഥാൻ നാഷണൽ സ്ട്രാറ്റജിക് കമാൻഡ് മേധാവി ജനറൽ സയ്യിദ് ആമിർ റസ മുന്നറിയിപ്പ് നൽകി. കാകുളിലെ പാകിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ (PMA) നടന്ന പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തി കടന്നുള്ള ആക്രമണങ്ങളെയും അധിനിവേശ നീക്കങ്ങളെയും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനറൽ റസ പറഞ്ഞു. ഒരു ആറ്റോമിക് അന്തരീക്ഷത്തിൽ യുദ്ധത്തിനോ സംഘർഷത്തിനോ സ്ഥാനമില്ലെന്ന് തിരിച്ചറിയണം. ഏതെങ്കിലും രീതിയിലുള്ള തെറ്റായ കണക്കുകൂട്ടലുകൾക്ക് മുതിർന്നാൽ, ആക്രമണം നടത്തുന്നവരുടെ ഭാവനകൾക്കും പ്രതീക്ഷകൾക്കും അപ്പുറമുള്ള നാശമായിരിക്കും ഫലം. രാജ്യത്തിന്റെ ഒരඟുലം ഭൂമി പോലും സംരക്ഷിക്കാൻ പാക് സൈന്യം സദാ സജ്ജമാണെന്നും അക്കാദമിയിൽ നിന്ന് പുറത്തിറങ്ങുന്ന കേഡറ്റുകളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.
പ്രാദേശികവും ഭൗമരാഷ്ട്രീയവുമായ മേഖലയിലെ പ്രധാന തർക്കവിഷയം കശ്മീരാണെന്ന് പരാമർശിച്ച പാക് ജനറൽ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ നിർദേശപ്രകാരം പരിഹരിക്കപ്പെടേണ്ട തർക്കപ്രദേശമാണ് കശ്മീരെന്ന് വീണ്ടും ആവർത്തിച്ചു. പ്രാദേശിക സുരക്ഷയെ ബാധിക്കുന്ന അതിർത്തി കടന്നുള്ള ഭീകരവാദവും നുഴഞ്ഞുകയറ്റവും അംഗീകരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കശ്മീർ വിഷയം അന്താരാഷ്ട്രതലത്തിൽ വീണ്ടും സജീവമാക്കാനുള്ള പാകിസ്ഥാന്റെ പഴയ തന്ത്രം വീണ്ടും ആവർത്തിക്കുകയായിരുന്നു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ആഗോള തലത്തിൽ സമാധാനം നിലനിർത്തുന്നതിനും പാകിസ്ഥാൻ പോസിറ്റീവായ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതോടൊപ്പം പാലസ്തീനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ, അന്തസ്സ്, പരമാധികാരം എന്നിവ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ഇനി പുതുതായി സേനയുടെ ഭാഗമാകുന്ന ഓഫീസർമാർക്കുള്ളതെന്നും ജനറൽ സയ്യിദ് ആമിർ റസ ഓർമ്മിപ്പിച്ചു.











