വർധിക്കുന്ന ജീവിതച്ചെലവുകൾക്കും പ്രതിസന്ധികൾക്കുമെതിരെ ഫ്രാൻസിൽ കത്തിപ്പടർന്ന സർക്കാരുവിരുദ്ധ യുവജന പ്രക്ഷോഭം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നു. ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും സമരം വ്യാപിച്ചതോടെ യൂറോപ്പ് കടുത്ത രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുകയാണ്. ഫ്രാൻസിൽ മാത്രം ശനിയാഴ്ച എട്ട് ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങിയത്. പല നഗരങ്ങളിലും സമരം നിയന്ത്രിക്കാനാവാതെ കടുത്ത അക്രമങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വഴിമാറി.
പാരിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പ്രക്ഷോഭകർ ആഡംബര വസ്ത്രശാലകളും മൊബൈൽ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും അടിച്ചുതകർത്ത് കൊള്ളയടിച്ചു. റോഡുകളിൽ നിരത്തിയിട്ടിരുന്ന കാറുകൾക്ക് തീയിടുകയും സർക്കാർ ഓഫിസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളുമാണ് അരങ്ങേറിയത്. മാഴ്സെയിൽ കറുപ്പണിഞ്ഞെത്തിയ പ്രക്ഷോഭകർ സിറ്റിഹാളിൽ അതിക്രമിച്ചു കയറി ഭിത്തികളിൽ മുദ്രാവാക്യങ്ങൾ എഴുതി. ലിമോഷ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ സിറ്റിഹാളിന് തീയിട്ടതിനെ തുടർന്ന് 1873-ൽ നിർമിച്ച ഇതിന്റെ ഗോപുരം പൂർണമായും കത്തിച്ചാമ്പലായി. ലിയോണിൽ ടൂറിസ്റ്റ് ഓഫിസിനും തീവെച്ചു. വിവിധ നഗരങ്ങളിലായി ഇതുവരെ 1200-ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇമ്മാനുവൽ മാക്രോൺ സർക്കാരിന് ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫ്രാൻസിന് പുറമെ ഇറ്റലിയിലെ മിലാനിൽ നടന്ന പ്രതിഷേധങ്ങളും അക്രമാസക്തമായി മാറി. കടകൾ കൊള്ളയടിച്ച പ്രക്ഷോഭകരെ നേരിടാൻ മിലാനിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ ബോളോന്യയിൽ ജലപീരങ്കിയാണ് ഉപയോഗിച്ചത്. ഇവിടെയും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ, കുതിച്ചുയരുന്ന ജീവിതച്ചെലവുകൾക്കും ഇരട്ടിയായ വീട്ടുവാടക നിരക്കുകൾക്കുമെതിരെ പതിനായിരക്കണക്കിന് ആളുകളാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. യൂറോപ്പിലെമ്പാടും പടരുന്ന ഈ യുവജനരോക്ഷം വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












